രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; ഏഴു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

0
12

രാമക്കല്‍മേട്: രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് സവാരി നടത്തിയ ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. തൃശൂര്‍ കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് ഐടിഐ വിദ്യാര്‍ത്ഥി ശ്രീജിത് (19) ആണ് മരിച്ചത്. രാമക്കല്‍മേട് കുരുവിക്കാനം കാറ്റാടിപാടത്ത് പാറക്കെട്ടില്‍ സാഹസികമായി വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് 300 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.

തൃശൂര്‍ കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് ഐടിഐ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓഫ് റോഡ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ (19) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ ഗിരീഷ്, കോ ഓര്‍ഡിനേറ്റര്‍ അഖില്‍, ഐ.ടി.ഐ വിദ്യാര്‍ത്ഥികളായ അഭിജിത്ത്(20), സോനു(19), ഷെഫീഖ്(22), ഹാബിന്‍(19), രാഹുല്‍(18), എന്നിവര്‍ക്ക് പരുക്കേറ്റു.

രാമക്കല്‍മേട് കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപമാണ് അപകടം നടന്നത്. തൃശൂര്‍ കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് ഐ.ടി.ഐയില്‍ നിന്നും എത്തിയ 28 വിദ്യാര്‍ത്ഥികള്‍ രണ്ട് ജീപ്പുകളിലായാണ് ഓഫ് റോഡ് സവാരിക്കായി പോയത്. ആദ്യത്തെ ജീപ്പ് ചെങ്കുത്തായ പാറയുടെ മുനമ്പില്‍ എത്തിയശേഷം വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 150 അടിയോളം നിരങ്ങി നീങ്ങിയശേഷം അഗാധമായ കൊക്കയിലേക്ക് തലകുത്തനെ മറിയുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റവരെ നെടുങ്കണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം രാമക്കല്‍മേട്ടില്‍ എത്തിയതായിരുന്നു ഇവര്‍. രാമക്കല്‍മേട് സന്ദര്‍ശിച്ചശേഷം വൈകുന്നേരത്തോടെ തൃശൂരിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പാറക്കെട്ടില്‍ നിന്നും ജീപ്പ് നിരങ്ങി നീങ്ങുന്നതിനിടെ പുറത്തേക്ക് ചാടിയവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരവധി തവണ മലക്കം മറിഞ്ഞ ജീപ്പ് മരങ്ങളില്‍ തട്ടി നിന്നു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വിനോദസഞ്ചാരികളും ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

തോപ്പില്‍ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ പെട്ട ജീപ്പ്. രാമക്കല്‍മേട്ടില്‍ മൂന്ന് മാസം മുമ്പാണ് ഓഫ് റോഡ് സവാരി പുനരാരംഭിച്ചത്. മുമ്പ് എല്ലാ മലനിരകളിലേക്കും ജീപ്പുകള്‍ സവാരി നടത്തിയിരുന്നു. അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് രാമക്കല്‍മേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ഓഫ് റോഡ് സവാരി നിര്‍ത്തലാക്കിയിരുന്നു. രാമക്കല്‍മേട്ടില്‍ ആമപ്പാറയിലേക്ക് മാത്രമാണ് സവാരി നടത്താന്‍ ഡിടിപിസി അനുമതി നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here