അരവിന്ദ് കേജരിവാളിനെ ആര്‍ക്കാണ് പേടി?

0
32

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെല്ലാം ആശയപരമായ ഒരു വെല്ലുവിളിയാണ്. 2013-ല്‍ ആം ആദ്മി പാര്‍ട്ടി ചൂലെടുത്ത് രംഗത്തു വന്നപ്പോള്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. സാധാരണ ജനങ്ങള്‍ ചൂലെടുത്തു എന്ന സന്ദേശമാണ് കേജരിവാള്‍ ഭരണകൂടങ്ങള്‍ക്കു നല്‍കിയത്. സാധാരണക്കാരന്റെ പാര്‍ട്ടി എന്ന് സ്വയം അഭിമാനിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ക്കു പോലും ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഉണ്ടാക്കാനാകാത്ത സ്വാധീനം ഏതാനും മാസങ്ങള്‍കൊണ്ട് എ.എ.പിക്ക് കൈവരിക്കാനായി. ചുരുക്കിപ്പറഞ്ഞാല്‍ 90 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ വേഗം സാധാരണക്കാരുടെ പാര്‍ട്ടിയായി എ.എ.പി ഇന്ത്യയുടെ തലസ്ഥാനം ഉള്‍പ്പെട്ട സംസ്ഥാനത്തെ ജനങ്ങളില്‍ സ്വാധീനം ഉറപ്പിച്ചു. ഉദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ വന്ന ഒരു വ്യക്തിയുടെ അസൂയാവഹമായ നേട്ടമായിരുന്നു അത്.

ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ നേരിട്ട് എ.എ.പി ഡല്‍ഹിയില്‍ ഭരണം പിടിച്ചടക്കി. 15 വര്‍ഷം ഡല്‍ഹി തുടര്‍ച്ചയായി ഭരിച്ചുവന്ന ഷീലാ ദീക്ഷിത് റവന്യൂ സര്‍വ്വീസിലെ മുന്‍ ഉദ്യോഗസ്ഥനായ അരവിന്ദ് കേജരിവാളിന്റെ മുന്നില്‍ അടിയറവ് പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ല. 70 അംഗ നിയമസഭയില്‍ 67 പേരും എ.എ.പിക്കാര്‍. പേരിന് പ്രതിപക്ഷത്ത് മൂന്ന് ബി.ജെ.പിക്കാരും. ചുരുങ്ങിയ കാലംകൊണ്ട് ഒരു പാര്‍ട്ടിയെ ഇത്രയും ജനകീയമാക്കിയ ഒരാളിന് ഇക്കണ്ട പാര്‍ട്ടികള്‍ വെറുതെ വെച്ചേക്കുമോ? അരവിന്ദ് കേജരിവാള്‍ അന്നുമുതല്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എല്ലാം അപശകുനപ്പക്ഷി ആണ്. ഡല്‍ഹി സംസ്ഥാനം കേന്ദ്രഭരണ പ്രദേശമല്ല. എന്നാല്‍ പൂര്‍ണ അര്‍ത്ഥത്തില്‍ അതൊരു സംസ്ഥാനവുമല്ല. ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ലഫ്. ഗവര്‍ണറുടെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. പൊലീസ് കൈവശമില്ലാത്ത ഡല്‍ഹി മുഖ്യമന്ത്രിക്ക് പൊതു ചടങ്ങുകളിലും വേദികളിലും ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു. ഒരിക്കല്‍ അരവിന്ദ് കേജരിവാളിന്റെ ദേഹാസകലം ഒരു അക്രമി മഷി ഒഴിച്ചു. കഴിഞ്ഞ നാലാം തീയതി ഡല്‍ഹിയിലെ മോട്ടി നഗറില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ മുഖ്യമന്ത്രി കേജരിവാളിന്റെ മുഖത്ത് അടിയേറ്റു. സുരക്ഷാവീഴ്ചയായി ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഒരു മാധ്യമത്തോട് സംസാരിക്കവേ മുഖ്യമന്ത്രി കേജരിവാള്‍ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു. ഇന്ദിരാഗാന്ധിയെ സുരക്ഷാ സേനയിലെ അംഗങ്ങള്‍ വെടിവെച്ചു കൊന്നതുപോലെ തന്നെയും തന്റെ വ്യക്തി സുരക്ഷ നോക്കുന്ന പൊലീസുകാര്‍ കൊല്ലുമെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. രാജ്യത്തെ ഒരു മുഖ്യമന്ത്രിക്കും ഇത്തരത്തില്‍ സ്വന്തം സുരക്ഷയെക്കുറിച്ച് ഉത്ക്കണ്ഠയോടെ സംസാരിക്കേണ്ടി വന്നിട്ടില്ല. ബി.ജെ.പി ആണ് തന്റെ ജീവന്‍ അപഹരിക്കാന്‍ സുരക്ഷാ ജീവനക്കാരെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി കേജരിവാള്‍ ആരോപിക്കുന്നു.

ഡല്‍ഹി പൊലീസും ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവും വിജേന്ദ്രഗുപ്ത എം.എല്‍.എയും മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റി ചുമതലയുടെ ഉത്തരവാദിത്വമുള്ള പൊലീസ് തലവന്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചതിങ്ങനെയാണ്: ”തലസ്ഥാന നഗരിയില്‍ ഏത് ഉന്നത രാഷ്ട്രീയ നേതാവിനും അനുവദിച്ചിട്ടുള്ള വ്യക്തി സുരക്ഷാ സംവിധാനങ്ങളാണ് ഡല്‍ഹി മുഖ്യമന്ത്രിക്കും നല്‍കിവരുന്നത്. അര്‍പ്പണബോധത്തിലും തൊഴില്‍ മാന്യതയ്ക്കും പേരുകേട്ട സേവനസന്നദ്ധരായ സേനാംഗങ്ങളെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. കുറ്റമറ്റ നിലയില്‍ അവര്‍ ചുമതലകള്‍ നിര്‍വ്വഹിച്ചുവരുന്നു. മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ യാതൊരു പരാതിയോ ഇതുവരെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ഉന്നയിച്ചിട്ടില്ല.” റോഡ്‌ഷോയില്‍ മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത് നിരാശ പൂണ്ട ഒരു എ.എ.പി പ്രവര്‍ത്തകനാണെന്ന് വിജേന്ദ്രഗുപ്ത പറഞ്ഞു. അയാള്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ഉണ്ട്. ആ സംഭവം രാഷ്ടീയ മുതലെടുപ്പിന് വേണ്ടപോലെ ഉപയോഗിക്കാന്‍ അരവിന്ദ് കേജരിവാളിന് കഴിഞ്ഞില്ല. അതിന്റെ നിരാശയിലാണ് ബി.ജെ.പിക്കെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നതെന്ന് ഗുപ്ത വിശദീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ നിരാശപൂണ്ട കോണ്‍ഗ്രസുകാരന്‍ തല്ലുമോ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതൃപ്തനായ ബി.ജെ.പി പ്രവര്‍ത്തകന്‍ മുഖത്തടിക്കുമോ എന്നും കേജരിവാള്‍ ചോദിക്കുന്നു. ഇന്ദിരാഗാന്ധിയെപ്പോലെ ദുരന്തപൂര്‍ണ്ണമായ ഒരു അന്ത്യം ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് തനിക്കുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് കേജരിവാള്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഈ വിലാപത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഡല്‍ഹിയിലെ രണ്ടുകോടി ഉള്ള സാധാരണക്കാര്‍ക്കിടയിലേക്ക് സാധാരണക്കാരുടെ പാര്‍ട്ടിയുടെ നേതാവിന് സുക്ഷാസന്നാഹങ്ങളില്ലാതെ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നില്ലെന്നു വരുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഗതികേടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here