ഐ.ആര്‍.ബി മൈതാനത്തു നടന്നത് വിസ്മയകരമായ അഭ്യാസ പ്രകടനങ്ങള്‍

 സങ്കീര്‍ണമായ പ്രശ്ന മുഖങ്ങളിലെ കമാന്‍ഡോ ഓപ്പറേഷന്‍ രീതികള്‍ അവതരിപ്പിച്ചു തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ അഭ്യാസ പ്രകടനം പാണ്ടിക്കാട് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ മൈതാനത്ത് ദൃശ്യവിരുന്നായി. പാസിങ് ഔട്ട് പരേഡിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടേയും സാന്നിധ്യത്തിലായിരുന്നു കമാന്‍ഡോകളുടെ അഭ്യാസ വിസ്മയങ്ങള്‍ അരങ്ങേറിയത്. ആദ്യമെത്തിയ സംഘം ആയുധങ്ങള്‍ ചടുല വേഗത്തില്‍ ക്രമീകരിക്കുന്നതും ഉപയോഗിക്കുന്നതും അവതരിപ്പിച്ചു. ഇന്‍സാസ്, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍, എ.കെ.47, ലൈറ്റ് മെഷീന്‍ ഗണ്‍ തുടങ്ങിയ തോക്കുകള്‍ ഒരേ സമയം രണ്ടെണ്ണം വരെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിച്ചു ക്രമീകരിച്ചത് കാഴ്ചക്കാരുടെ കയ്യടി നേടി. കളരിപ്പയറ്റിലെ വൈഭവവും തങ്ങള്‍ക്കു വഴങ്ങുമെന്ന് ദണ്ഡുപയോഗിച്ചുള്ള അഭ്യാസ പ്രകടനത്തിലൂടെ കമാന്‍ഡോകള്‍ തെളിയിച്ചു.


കരാട്ടെയിലൂടെ പുരോഗമിച്ച അഭ്യാസ പ്രകടനങ്ങള്‍ അക്രമകാരികളെ നേരിടുന്നതിലെത്തിയതോടെ കാണികള്‍ ആവേശഭരിതരായി. മെട്രൊ ട്രെയിനില്‍ യാത്രക്കാരെ ബന്ദികളാക്കിയ സംഘത്തെ നേരിടാനെത്തിയ കമാന്‍ഡോ രണ്ടു സംഘമായി തിരിഞ്ഞ് പുറത്ത് സ്ഫോടനമുണ്ടാക്കി അക്രമികളുടെ ശ്രദ്ധ തിരിച്ച് നിമിഷ നേരംകൊണ്ട് ട്രെയിനിലേക്ക് ഇരച്ചു കയറി. ആയുധധാരികളായ സംഘത്തെ കീഴ്പ്പെടുത്തുന്നതിനൊപ്പം യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. കാറില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടാന്‍ മൊബൈല്‍ ചെക്ക് പോസ്റ്റ് ഒരുക്കിയായിരുന്നു കമാന്‍ഡോ നീക്കം. വാഹനത്തിന്റെ വേഗത കുറക്കാന്‍ റോഡില്‍ പ്രത്യേക സംവിധാനമൊരുക്കി മുന്നിലെ ചില്ലു തകര്‍ത്ത് വാഹനത്തിനകത്തേക്കു എടുത്തുചാടിയ കമാന്‍ഡോകളുടെ പ്രകടനവും കയ്യടി നേടി.ഹോട്ടലില്‍ കയറി ജനങ്ങളെ ബന്ദികളാക്കിയ തീവ്രവാദികളെ കീഴടക്കുന്നത് മുംബൈ ഭീകരാക്രമണ മാതൃകയില്‍ പുനരാവിഷ്‌ക്കരിച്ചു. പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥിയെ ലക്ഷ്യമിട്ടുള്ള തീവ്രവാദികളുടെ നീക്കത്തെ പ്രതിരോധിച്ച് വാഹന വ്യൂഹത്തില്‍ രക്ഷിച്ച രീതി ശ്വാസമടക്കിയിരുന്നാണ് കാണികള്‍ വീക്ഷിച്ചത്.

വനാന്തരങ്ങളില്‍ മാവോവാദികളെ നേരിടുന്ന രീതിയും കേട്ടറിഞ്ഞ പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയായി. വനത്തിലെ പട്രോളിങിനിടെ മാവോവാദികളുടെ കേന്ദ്രം കണ്ടെത്തുന്ന കമാന്‍ഡോകള്‍ ശക്തമായ ആക്രമണം പ്രതിരോധിച്ചു മുന്നേറിയപ്പോള്‍ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളേയും കാഴ്ചക്കാര്‍ പ്രോത്സാഹിപ്പിച്ചു. ചടുല നീക്കങ്ങളാലും മെയ്വഴക്കത്താലും ദൃശ്യ വിരുന്നായി മാറിയ അഭ്യാസ പ്രകടനങ്ങള്‍ക്കു ശേഷം കമാന്‍ഡോകള്‍ പിന്‍വാങ്ങിയപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കിയത് തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായ സേനാംഗങ്ങള്‍ക്കുള്ള അര്‍ഹിക്കുന്ന ആദരവായി.

LEAVE A REPLY

Please enter your comment!
Please enter your name here