തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാ, പിന്നാക്ക സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നറുക്കെടുപ്പ് ഒക്ടോബർ 5, 6 തീയതികളിൽ നടക്കും. 2015 ൽ സെപ്റ്റംബർ 28 നാണ് നറുക്കെടുപ്പുകൾ നടന്നത്. വനിത, പട്ടികജാതി വനിത, പട്ടികവര്‍ഗ്ഗ വനിത, പട്ടികജാതി , പട്ടികവര്‍ഗ്ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലേക്കുളള സംവരണ ങ്ങളാണ് നിശ്ചയിക്കുന്നത്. ഇതിൽ വാർഡുകളും അധ്യക്ഷ സ്ഥാനങ്ങളും ഉൾപ്പെടും.
പഞ്ചായത്ത് പരിധിയിലുളള ദേശീയ, സംസ്ഥാന , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, കേരള നിയമസഭയില്‍ പ്രാതിനിധ്യമുളള പഞ്ചായത്ത് ലെവല്‍ പാര്‍ട്ടി പ്രതിനിധികൾ , നിലവിലെ എല്ലാ പഞ്ചായത്ത് മെമ്പര്‍മാർ,  ജില്ലാതലത്തിലുളള രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.
ചില ജില്ലകളിൽ നറുക്കെടുപ്പിനുള്ള ഹാൾ ലഭ്യമായില്ലെങ്കിൽ ആറിനും നറുക്കെടുപ്പ് തുടരും. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌ വാർഡുകളുടെ നറുക്കെടുപ്പ്‌ അതത്‌ കലക്ടറേറ്റുകളിലാണ്‌ നടക്കുക. മുനിസിപ്പാലിറ്റികളുടേത്‌ കോഴിക്കോട്‌, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലെ റീജ്യണൽ ജോയിന്റ്‌ ഡയറക്ടറുടെ ഓഫീസിലും കോർപറേഷനുകളുടേത്‌ നഗരകാര്യ ഡയറക്ടറേറ്റിലും നടക്കും. മേഖലകൾ കേന്ദ്രീകരിച്ച്‌ നറുക്കെടുപ്പിനുള്ള തീയതി കമീഷൻ നിശ്ചയിക്കും. 
 
വാർഡുകളുടെ സംവരണം റൊട്ടേഷൻ ക്രമത്തിലാകണമെന്നാണ്‌ വ്യവസ്ഥ. ഇതനുസരിച്ച്‌ കഴിഞ്ഞതവണ പൊതുവിഭാഗത്തിലായിരുന്ന വാർഡുകൾ മുഴുവൻ ഇത്തവണ വനിതാ സംവരണത്തിലേക്ക്‌ മാറും. വാർഡുകളുടെ ആകെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ നിലവിലെ സംവരണവാർഡുകളിൽ ഒന്നോ രണ്ടോ എണ്ണം വീണ്ടും സംവരണമാകും. 
 
കഴിഞ്ഞ രണ്ടുവട്ടവും സംവരണമായിരുന്ന വാർഡുകൾ മൂന്നാമതും സംവരണമാകുന്നത്‌ തടയാൻ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനായി 2010ലെയും 2015ലെയും തെരഞ്ഞെടുപ്പിലെ വാർഡ് സംവരണ വിവരം അറിയിക്കാൻ കമീഷൻ ആവശ്യപ്പെട്ടു‌. ഇതിനിടെ കോവിഡ് മാനദണ്ഡം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ 18 ന് സർവകക്ഷി യോഗം ചേരും. ഉച്ചകഴിഞ്ഞു 3നു മാസ്കറ്റ് ഹോട്ടലിലാണു യോഗം.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്തുന്നതിനോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. കമ്മിഷന്റെ തീരുമാനം വിലയിരുത്തിയ ശേഷമാകും പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക. നവംബർ 12നു മുൻപു തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുന്ന തരത്തിലാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഉദ്ദേശിക്കുന്നത്
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തെരഞ്ഞെടുപ്പ് നടത്താൻ തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ 3 വിദഗ്ധരുമായി കമ്മിഷൻ കഴിഞ്ഞ മാസം നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കർശന ആരോഗ്യസുരക്ഷ പാലിച്ചുകൊണ്ടും പ്രചാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും തിരഞ്ഞെടുപ്പ് നടത്താമെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ടുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here