ന്യൂഡൽഹി: കോവിഡ് പടരാതിരിക്കാന്‍ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
വാക്സിൻ വരും വരെ കോവിഡിനെതിരേ പോരാട്ടം നാം തുടരണം. അമിത ആത്മവിശ്വാസം പാടില്ല. വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജനതാ കർഫ്യു മുതൽ രാജ്യം കോവിഡിനെതിരേ പോരാടി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരണനിരക്ക് കുറവാണ്. രോഗമുക്തി നിരക്കും മികച്ച നിലയിലാണ്. രാജ്യത്ത് നിലവിൽ 90 ലക്ഷത്തിലധികം കിടക്കകൾ ചികിത്സയ്ക്കായി ലഭ്യമാണ്.
എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക രംഗത്തും മാറ്റങ്ങൾ ഉണ്ടാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.