ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 3500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കരിമ്പ് കര്‍ഷകര്‍ക്കാണ് 3,500 കോടി രൂപയുടെ സബ്സിഡി അനുവദിച്ചത്. കരിമ്പ് കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്സിഡി തുക നല്‍കുന്നത്. സംസ്‌കരണം, വിപണനം, ആഭ്യന്തര, രാജ്യാന്തര ചരക്കു നീക്കം, പഞ്ചസാര മില്ലുകള്‍ക്ക് പരമാവധി അനുവദനീയമായ കയറ്റുമതി പരിധിയായ 60 എല്‍എംടി പഞ്ചസാരക്കുള്ള അന്താരാഷ്ട്ര ചരക്കുനീക്ക ചെലവ് എന്നിവ ഉള്‍പ്പെടെ ആണ് 2020-2021 വര്‍ഷത്തേക്ക് 3,500 കോടി രൂപ സബ്സിഡി തുക അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ 5 കോടി കരിമ്പ് കര്‍ഷകര്‍ക്കും കരിമ്പ് മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്ന അഞ്ച് ലക്ഷത്തോളം പേര്‍ക്കും പ്രയോജനകരമാകുന്ന തീരുമാനമാണിത്.

കരിമ്പ് അടുത്തുള്ള പഞ്ചസാര മില്ലുകളില്‍ ആണ് കര്‍ഷകര്‍ നല്‍കുന്നത്. എന്നാല്‍ പഞ്ചസാര ഉടമകള്‍ക്ക് ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാല്‍ അവര്‍ കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഇത് കര്‍ഷകരുടെ കുടിശ്ശിക യഥാസമയം നല്‍കാന്‍ സഹായിക്കും. ഇതിനായാണ് കേന്ദ്ര സര്‍ക്കാര്‍ 3500 കോടി രൂപ ധനസഹായം അനുവദിച്ചത്. ഈ തുക കര്‍ഷകരുടെ കുടിശിക ഇനത്തില്‍ മില്ലുകളുടെ പേരിലായിരിക്കും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുക. കുടിശിക നല്‍കിയ ശേഷം ബാക്കി തുക വന്നാല്‍ അത് മില്ലിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here