JALEEL AND SAKEER

കൊച്ചി: മഹാരാജ ജലീൽ നഴ്സിൻ്റെ അപകട മരണത്തെ തുടർന്ന് ജയിലായതോടെ എറണാകുളം ജില്ലയിലെ സി പി എം വീണ്ടും പ്രതിസന്ധിയിലായി. മുൻ കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുത്ത വാർത്ത പുറത്തു വന്ന അതേ ദിവസമാണ് സി പി എം അനുകൂല  വ്യാപാരി സമിതി സംസ്ഥാന ഭാരവാഹി സി കെ  ജലീൽ ആലുവയിലെ ജയിലിലായത്.വ്യവസായ മന്ത്രിയുമായി ഉറ്റബന്ധമുള്ളവരാണ് ഇരുവരും. മണ്ണ് എടുത്തതുമായി ബന്ധപ്പെട്ട് ജലീലിനെ കുറച്ചു നാൾ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. മുൻ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗമായ ജലീൽ ചൂർണ്ണിക്കര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പുതിയ ഹോട്ടൽ ആരംഭിച്ചത് ഏതാനും ദിവസം മുമ്പാണ്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സക്കീറിന് സംഭവിച്ചപോലെ അപ്രതീക്ഷിതമായാണ്  ജലീൽ ജയിലിൽ ആകുന്നത്. നഴ്സിനെ ഇടിച്ചിട്ട കാർ ഓടിച്ചത് താനാണെന്ന് സമ്മതിക്കാൻ മടി കാണിച്ചതാണ് അദ്ദേഹത്തിന് വിനയായത്. കാർ കഴുകിയിട്ടാൽ തെളിവുണ്ടാകില്ലെന്ന ബസുടമയായിരുന്ന ജലീലിൻെറ കണക്കുകൂട്ടലുകൾ ആണ് തെറ്റിപ്പോയത്.

ഡിജിറ്റൽ തെളിവുകളുമായി  പോലീസ് ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര വസതിയിൽ വരികയായിരുന്നു. കാറിനകത്തെ കാമറയും റോഡിലെ സിസിടിവി കാമറകളും ചേർന്ന് കാർ മാറിയോടിയ റൂട്ടും അപകട സമയത്തെ കുലുക്കവും ഒപ്പിയെടുത്തു. കെ എൽ 7 സി യു 7777 എന്ന ഫാൻസി നമ്പർ വാഹനം പെട്ടെന്ന് തിരിച്ചറിയാൻ കാരണമായി.  ഫോറൻസിക് വിഭാഗം കാറിന് മുൻവശത്തെ കേടുപാടുകളും കണ്ടെത്തി. ജലീൽ ഇപ്പോൾ റിമാൻഡിലാണ്.

കളമശേരി ഏരിയ സെക്രട്ടറി സി പി എം നേതാവ് സക്കീർ ഹുസൈൻ പാർട്ടിയുടെ രണ്ടാമത്തെ അന്വേഷണത്തിലാണ് സസ്പെൻഷന് വിധേയനായത്. അനധികൃത സ്വത്ത് സമ്പാദനമാണ് കുറ്റമായി പാർട്ടി കണ്ടെത്തിയത്. ആറു മാസത്തെ സസ്പെൻഷന് ശേഷമാണ് പാർട്ടിയിലേക്ക് തിരിച്ചു വരവ്. പ്രളയ ത്തട്ടിപ്പ് അടക്കം നിരവധി പരാതികളാണ് സക്കറിനെതിരെയുള്ളത്. അത് പരിഗണിക്കാതെയാണ് മുൻ ഏരിയ സെക്രട്ടറിയെ തിരിച്ചെടുത്തത്.

വ്യവസായിയെ തട്ടികൊണ്ടുപോയ കേസിൽ ആണ് സക്കീർ കാക്കനാട് ജയിലിലായത്. അന്ന് ഏരിയ സെക്രട്ടറി സ്ഥാനവും തെറിച്ചിരുന്നു. കളശേരിയിലെ പാർട്ടി ഓഫീസിൽ ഒളിച്ചു താമസിച്ചതും കെട്ടിടം പോലീസും മാധ്യമങ്ങളും വളഞ്ഞതും പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. പിന്നീട് എറണാകുളത്ത് പോയി കീഴടങ്ങുകയായിരുന്നു.

നിലവിലെ ജില്ലാ സെക്രട്ടറിയ്ക്ക് സക്കീറിൽ താല്പര്യമില്ലെങ്കിലും നേതാക്കന്മാരെ സക്കീർ ബ്ലാക്‌മെയ്‌ലിനു വിധേയമാക്കിയെന്നാണ് പാർട്ടിപ്രവർത്തകർ തന്നെ പറയുന്നത്. കണ്ണൂർ ലോബിയുടെ ‘കൊച്ചിയിലെ കൈക്കാര”നായതിനാൽ പ്രാദേശിക നേതാക്കന്മാർ പരസ്യമായി രംഗത്ത് വരാൻ മടിക്കുന്നുണ്ട്. ഇരുവരേയും എറണാകുളം ജില്ലയിലെ ഭാവി എം എൽ എ മാരെന്നു അനുയായികൾ സ്വപ്നം കണ്ടിരുന്നവരാണ്. അതിനാലാണ് പതനങ്ങൾക്കു ആഘാതമേറിയത്.

സാക്ഷാൽ പിണറായി ആഭ്യന്തരം ഭരിക്കുമ്പോഴാണ് നേതാക്കന്മാർ വിവിധ കേസുകളിൽ ജയിൽ അഴി എണ്ണുന്നത്. അതിനാൽ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് പറയാനും വയ്യ. അതാണ്‌ ജില്ലയിലെ സിപിഎമ്മിനെ വലയ്ക്കുന്ന പ്രധാന പ്രശ്‍നം. ഇതെല്ലാം ആരോപണം മാത്രമാണെന്നും കോളേജിലെ സസ്പെന്ഷന് പോലെയാണ് സഖാവിന് ഇതെല്ലാമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിയുടെ നിലപാടുകൾ അന്ധമായി ന്യായീകരിക്കാൻ കളമശേരിയിൽ നിയോഗിച്ചവർ വാദിക്കുന്നത്. പാർട്ടി നിയോഗിച്ച രണ്ടു അന്വേഷണ സമിതികളിലെ കണ്ടെത്തലുകൾ ചെറിയ കാര്യങ്ങൾ മാത്രമെന്നും ‘കട്ട സഖാക്കൾ’ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here