ബീജിങ്: ചൈനയിൽ നിർമ്മിച്ച ഐസ്ക്രീമിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് . വടക്കൻ ടിൻജിൻ പ്രവശ്യയിലാണ് സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 2,089 ബോക്സ് ഐസ്ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ഐസ്ക്രീo ബോക്സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഐസ്ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതോടൊപ്പം കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവരെ കോവിഡ് ടെസ്റ്റിനും വിധേയമാക്കി. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഐസ്ക്രീമിൽ കൊറോണ വൈറസിന് കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ് അനുമാനം . കോവിഡ് ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ് ഐസ്ക്രീമിലെത്തിയതെന്നാണ് നിഗമനം