ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി 115 രാജ്യങ്ങളിൽ നിന്നുളള വിശുദ്ധജലം രാജ്യത്ത് എത്തിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രാമജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ചേർന്ന് ഇത് ഏറ്റുവാങ്ങി.

ഏഴ് ഭൂഖണ്ഡങ്ങളിലെ 115 രാജ്യങ്ങളിൽ നിന്നാണ് വിശുദ്ധജലം ശേഖരിച്ചത്. ഇവിടങ്ങളിൽ നിന്നുളള അരുവികളിൽ നിന്നും നദികളിൽ നിന്നും സമുദ്രങ്ങളിൽ നിന്നുമുളള ജലമാണിത്. ഹൈന്ദവ വിശ്വാസം കൂടാതെ മുസ്ലീം, ബുദ്ധ, ജൂത വിശ്വാസകേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച ജലവും ഇതിലുണ്ടെന്ന് രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.

ഇനി 77 രാജ്യങ്ങളിൽ നിന്ന് കൂടി ഇതേ രീതിയിൽ വിശുദ്ധജലം ശേഖരിക്കാനുണ്ട്. ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ 192 രാജ്യങ്ങളിൽ നിന്നുളള ജലമാണ് എത്തേണ്ടത്. ലോകം ഒരു കുടുംബമാണെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. അയോദ്ധ്യക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്‌നം തീരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ ചെയ്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒരിക്കലും വേർതിരിവ് കാണിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

രാമനെ രാജാവായി വാഴിച്ച അവസരത്തിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജലമെത്തിച്ച് അഭിഷേകം നടത്തിയതായി രാമായണത്തിൽ പറയുന്നുണ്ടെന്ന് ചമ്പത് റായ് സൂചിപ്പിച്ചു. രാമന്റെ പട്ടാഭിഷേകം നടന്ന സമയത്ത് അയോദ്ധ്യയിലെ സപ്തസാഗറിൽ ലോകത്തെ എല്ലാസ്ഥലങ്ങളിൽ നിന്നുളള തീർത്ഥജലവും എത്തിച്ചുവെന്നാണ് വിശ്വസിക്കുന്നത്. രാമന്റെ ജൻമസ്ഥലത്ത് ക്ഷേത്രം നിർമിക്കുമ്പോഴും എന്തുകൊണ്ട് ഇത് പുന:സൃഷ്ടിച്ചുകൂടെന്ന ആലോചനയാണ് ഈ ദൗത്യത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടമായ അടിത്തറ പൂർത്തിയായിക്കഴിഞ്ഞു. ഇത് 1000 വർഷം നിലനിൽക്കുന്നതാണെന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു. വിവിധ ലോകരാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here