ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും, ഭാര്യയ്ക്കും , സേനാംഗങ്ങൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലം വിമാനത്താവളത്തിൽ എത്തിയാണ് അദ്ദേഹം ആദരമർപ്പിച്ചത്. ബിപിൻ റാവത്തിന്റെയും,മറ്റ് സേനാംഗങ്ങളുടെയുംഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച പ്രധാനമന്ത്രി കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാലം വിമാനത്താവളത്തിൽ എത്തി ആദരമർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരത്തിൽ രാജ്നാഥ് സിംഗും പുഷ്പചക്രം അർപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ദേഹത്തിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരും മൃതദേഹത്തിൽ ആദരമർപ്പിച്ചു.
അതേസമയം രാഷ്ട്രപതി രാം നാഥ് കോവിന്ദ് വെള്ളിയാഴ്ച രാവിലെ ബിപിൻ റാവത്തിന്റെ വസതിയിൽ എത്തിയാകും ആദരംഅർപ്പിക്കുക എന്നാണ് റിപ്പോർട്ട്.