ന്യൂഡൽഹി: അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിൾ ഡൂഡിൽ അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേയ്‌ക്ക് ഗൂഗിൾ ഡൂഡിൽ കടന്നു ചെല്ലുകയാണ്.

ആനിമേറ്റഡ് സ്ലൈഡ്‌ഷോയിലൂടെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വൈദഗ്ധ്യത്തെക്കുറിച്ചും, അവൾ എല്ലാ തൊഴിലിലും എങ്ങനെ മികവ് പുലർത്തുന്നുവെന്നും കാണിച്ചുതരുന്നു. പത്ത് സ്ലൈഡുകളാണ് ഷോയിലുള്ളത്. വീട്ടിലെ ജോലികൾ ചെയ്യുന്ന അമ്മ മുതൽ, ശസ്ത്രക്രിയ നടത്തുന്ന വനിത ഡോക്ടർ വരെ ഡൂഡിൽ പ്രദർശിപ്പിക്കുന്നു. ഗൂഗിളിന്റെ ആർട്ട് ഡയറക്ടറായ തോക്ക മേർ ആണ് ആനിമേറ്റഡ് സ്ലൈഡ്‌ഷോ രൂപകൽപ്പന ചെയ്തത്.

ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതും കുട്ടിയെ പരിപാലിക്കുന്നതുമായ ഒരു അമ്മ, ചെടികൾക്ക് വെള്ളം നനയ്‌ക്കുന്ന ഒരു സ്ത്രീ, ഒരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്ന ഒരു സ്ത്രീ, കൂടാതെ നിരവധി തൊഴിലുകൾക്ക് നേതൃത്വം നൽകുകയും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്ത്രീകളാൽ ഡൂഡിൽ സമ്പന്നം. ഗൂഗിൾ ഡൂഡിൽ കാണാൻ ഗൂഗിൾ ഹോംപേജിൽ പോയി പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യാം. സാംസ്‌കാരിക വൈവിധ്യമുള്ള സ്ത്രീകളാൽ ചുറ്റപ്പെട്ട ഭൂമിയുടെ ഒരു ചിത്രത്തിലൂടെയാണ് സ്ലൈഡ് ഷോ ആരംഭിക്കുന്നത്. ഡൂഡിൽ പ്ലേ ബട്ടൺ അമർത്തിയാൽ ആനിമേറ്റഡ് സ്ലൈഡ് ഷോ പ്ലേ ചെയ്യാൻ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here