നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്:  ജോസ് മാവേലിക്ക് 3 മെഡലുകള്‍
മഹാരാഷ്ട്രയില്‍ വച്ച് മാക്‌സ്ഫിറ്റ് ഇന്‍ഡ്യ സംഘടിപ്പിച്ച ഓപ്പണ്‍ മീറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജോസ് മാവേലി 3 മെഡലുകള്‍ നേടി കേരളത്തിന് അഭിമാനമായി. ബഡ്‌ലപ്പൂര്‍ തലുങ്ക ക്രിടശങ്കല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 6 ന് സംഘടിപ്പിച്ച ഏകദിന ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലാണ് ജോസ് മാവേലി മെഡലുകള്‍ നേടിയത്. 400 മീറ്ററില്‍ ഒന്നാം സ്ഥാനവും (77.03 സെക്കന്റ്) 100 മീറ്ററിലും (14.71 സെക്കന്റ്) 60 മീറ്ററിലും (8.35 സെക്കന്റ്) രണ്ടാം സ്ഥാനവുമാണ് 70+ വിഭാഗത്തില്‍ മത്സരിച്ച ജോസ് മാവേലിക്ക് ലഭിച്ചത്. 2004ല്‍ തായ്‌ലന്റില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവിനേടി ഏഷ്യന്‍ചാമ്പ്യനായിട്ടുണ്ട്. 2020 ലെ നാഷണല്‍ മീറ്റില്‍ ഇന്ത്യയിലെ വേഗതയുള്ള വെറ്ററന്‍ ഓട്ടക്കാരനെന്ന ബഹുമതി നേടുകയും ദേശീയ ചാമ്പ്യനാകുകയും ചെയ്ത ജോസ് മാവേലി കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയിലെ മീനത്തായി താക്കറെ സ്റ്റേഡിയത്തിലും കേരളത്തിനുവേണ്ടി 2 സ്വര്‍ണവും 2 വെള്ളിയും നേടിയിരുന്നു. 2019-ല്‍ ഗോവയില്‍വച്ചു നടന്ന യുണൈറ്റഡ് നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലുകള്‍ നേടിയും 2011-ല്‍ ചണ്ഡീഗഢില്‍ വച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടത്തിലും 300 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയും ഇതിനുമുമ്പു രണ്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
തെരുവില്‍ അലയുന്ന കുട്ടികള്‍ക്കുവേണ്ടി 1996 ല്‍ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ല്‍ കുട്ടികളിലെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോട്‌സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി കുട്ടികള്‍ വിവിധ കായിക വിഭാഗങ്ങളില്‍ ജില്ലാ- സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here