ആലുവ: ജോസ് മാവേലി നീന്തലിലും ദേശീയ താരമായി. പാന്‍ ഇന്ത്യമാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ബാംഗ്‌ളൂര്‍ പദുക്കോണ്‍ ദ്രാവിഡ് സ്‌പോട്‌സ് സെന്ററില്‍ വച്ച് നടത്തിയ ദേശീയ നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളിലാണ് 70+ വിഭാഗത്തില്‍ ജോസ് മാവേലിക്ക് 2 വെങ്കലമെഡലുകള്‍ ലഭിച്ചത്. ഓട്ട മത്സരങ്ങളില്‍ നിരവധി തവണ ദേശീയ ചാമ്പ്യന്‍സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ദേശിയ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും മെഡലുകള്‍ നേടി പ്രതിഭ തെളിയിച്ചതും. മെയ് 13 മുതല്‍ 15 വരെയായിരുന്നു മത്സരങ്ങള്‍. അടുത്ത കാലത്ത് ദീര്‍ഘദൂര ഓട്ടത്തിലും ജോസ് മാവേലി മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്റെയും മുത്തൂറ്റ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ട മത്സരത്തില്‍ തേവര കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് തോപ്പുംപടി വഴി തിരികെയെത്തിയ 10 കി.മീ. പിന്നിടാന്‍ എഴുപത്തൊന്നുകാരനായ ജോസ് മാവേലി 63 മിനിറ്റും 31 സെക്കന്റും മാത്രമാണെടുത്തത്.
2019-ല്‍ ഗോവയില്‍വച്ചു നടന്ന യുണൈറ്റഡ് നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലുകള്‍ നേടിയും 2011-ല്‍ ചണ്ഡീഗഢില്‍ വച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടത്തിലും 300 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയും ഇതിനുമുമ്പു മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2004-ല്‍ തായ്‌ലന്റില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവി നേടിയിട്ടുണ്ട്. 2006-ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭരതത്തിനഭിമാനമായിട്ടുണ്ട്.
തെരുവില്‍ അലയുന്ന കുട്ടികള്‍ക്കുവേണ്ടി 1996 ല്‍ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ല്‍ കുട്ടികളിലെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോട്‌സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 2022 ലെ കേരള സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടി കേരളത്തിനഭിമാനമായി മാറിയ ബിബിന്‍ അജയന്‍ അടക്കം  നിരവധി കുട്ടികള്‍ വിവിധ കായിക വിഭാഗങ്ങളില്‍ ജില്ലാ- സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here