5ജി സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിവസം തന്നെ കേന്ദ്രത്തിന് ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ ലേലം ലഭിച്ചതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം വ്യവസായം അതിന്റെ പ്രയാസകരമായ സമയങ്ങളിൽ നിന്ന് തിരിച്ചുവരവ് നടത്തിയതായി ലേലത്തിന്റെ ആദ്യ ദിവസത്തെ പ്രതികരണം കാണിക്കുന്നുവെന്ന് വൈഷ്ണവ് പറഞ്ഞു

നാല് റൗണ്ട് ലേലം ഇന്ന് പൂർത്തിയായി. 1.45 ലക്ഷം കോടിയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കണക്ക് കൂട്ടിയതിനേക്കാൾ 1.5 മടങ്ങ് കൂടുതലാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന വരുമാനം. 80,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച ലേലതുക. 2015ലെ സ്പെക്ട്രം ലേലത്തിൽ ലഭിച്ച 1.09 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കളക്ഷൻ.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ എന്നീ നാല് ബിഡർമാരാണ് ഇന്ന് നടന്ന 5ജി ലേലത്തിൽ പങ്കെടുത്തത്. മിഡ്, ഹൈ ബാൻഡുകൾ- 3,300 MHz, 24 GHz എന്നിവയ്‌ക്കാണ് ലേലക്കാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത്. അതേസമയം 720 MHz ലോ ബാൻഡിനും ആദ്യമായി ബിഡ്ഡുകൾ ലഭിച്ചു. ഈ ബാൻഡ് 2019ലും 2021ലും വിൽക്കാതെ പോയിരുന്നു.

‘റെക്കോർഡ് സമയത്ത്’ സർക്കാർ സ്‌പെക്ട്രം അനുവദിക്കും, 5G സേവനത്തിന്റെ പ്രവർത്തനം സെപ്തംബർ മുതൽ പ്രതീക്ഷിക്കുന്നതായി വൈഷ്ണവ് പറഞ്ഞു. ‘ലേലത്തിൽ ആരോഗ്യകരമായ പങ്കാളിത്തം ലഭിച്ചു. നാല് റൗണ്ടുകൾക്ക് ശേഷം, അപേക്ഷകരുടെ ശക്തമായ ബിഡ്ഡുകൾ ഞങ്ങൾ കണ്ടു. ഈ പ്രതികരണം കാണിക്കുന്നത് ടെലികോം വ്യവസായം മുന്നേറ്റം നടത്തുകയാണെന്നാണ്. നാളെ ലേലം പൂർത്തിയാകാൻ സാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here