വടക്കാഞ്ചേരി: സ്കൂളിൽ നിന്നും ഉല്ലാസ യാത്ര പുറപ്പെട്ട കുട്ടികളാണ് കണ്ണിമ ചിമ്മുന്ന നിമിഷത്തിന്റെ ഇടവേളയിൽ അപകടത്തിൽ പെട്ടത്. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും ഒരു അധ്യാപകനും ഇനിയില്ല എന്ന സത്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് അപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയ എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾ.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽ 9 മരണമാണ് സംഭവിച്ചത്. മരിച്ചവരിൽ 5 പേർ വിദ്യാർത്ഥികളാണ്

ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇപ്പോഴും ഞെട്ടൽ മാറാതെ തലനാരിഴയ്ക്ക് കൈയ്യിൽ കിട്ടിയ ജീവനുമായി രക്ഷപ്പെട്ട വിദ്യാർത്ഥികൾക്ക് ഞെട്ടൽ മാറുന്നില്ല. കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഇടിച്ചു മറിഞ്ഞത് എന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വിദ്യാർത്ഥി പറയുന്നത്. ബസിൽ സിനിമ വച്ചിട്ടുണ്ടായിരുന്നു. കുറേ വിദ്യാർത്ഥികൾ അത് കാണുകയായിരുന്നു. എന്നാൽ താൻ ഉറക്കത്തിലായിരുന്നു പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ എമർജൻസി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത് എന്ന് ഒരു വിദ്യാർത്ഥി പറയുന്നു.

അപകടത്തിൽ രക്ഷപ്പെട്ട വിദ്യാർത്ഥി അമൃത പറയുന്നത്, താൻ ഉറക്കത്തിലായിരുന്നു. എന്നാൽ പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ സീറ്റിന് അടിയിൽ ആയിരുന്നു. അവിടുന്ന് എങ്ങനെയോ ആണ് രക്ഷപ്പെട്ട് പുറത്ത് എത്തിയത്. കണ്ണിന് പോറൽ പറ്റിയിട്ടുണ്ടെന്ന് അമൃത പറയുന്നു.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി പറയുന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻറെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു.

അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലൻസും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൻറെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികൾ ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here