ആലുവ: ശ്രീനാരായണ ഗുരുദേവന്റെ അദ്വൈത ദർശനം ജനഹൃദയങ്ങളിലെത്തിയാൽ തീവ്രവാദത്തിന്റെ വഴിയെ പോകുന്നവരെ പോലും മനുഷ്യനാക്കി തിരികെ കൊണ്ടുവരാനാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തിൽ 100 -ാത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഗുരുദേവ സന്ദേശം ഹൃദയത്തിലേറ്റിയാൽ വിശ്വപൗരന്മാരായി മാറാനാകും. മലബാർ കലാപവും മതപരിവർത്തനവുമെല്ലാം വ്യാപകമായപ്പോഴാണ് ഗുരുദേവൻ സർവമത സമ്മേളനം വിളിച്ചുചേർത്തത്. സത്യവൃതൻ സ്വാമി എഴുതി തയ്യാറാക്കി വായിച്ച സ്വാഗത പ്രസംഗത്തിന്റെ ഉള്ളടക്കം ഗുരുവിന്റെ ദർശനമായിരുന്നു. ചിക്കാഗോയിൽ നടന്ന ആദ്യ സർവമത സമ്മേളനത്തിന്റെ ലക്ഷ്യം അദ്വൈത ദർശനമായിരുന്നില്ല. കൊളമ്പസ് കണ്ടുപിടിച്ചതിന്റെ 400 -ാം വാർഷികത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥ മത വിഭാഗത്തിൽപ്പെട്ടവർ പങ്കെടുത്തുവെന്ന് മാത്രം. മതത്തിന് അതീതമായി മനുഷ്യനന്മ മാത്രം ലക്ഷ്യമാക്കി ആലുവയിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനമാണ് യഥാർത്ഥത്തിൽ ലോകത്തിലെ ആദ്യ സർവമത സമ്മേളനമെന്നും സ്വാമി പറഞ്ഞു.

ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ നവോത്ഥാന കാലഘട്ടത്തിലേക്ക് നയിച്ച ദാർശനികനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ക്രിസ്തുമതത്തെ കുറിച്ച് പ്രഭാഷണത്തിനെത്തിയ എം.എസ്.ഒ.ടി സെമിനാരി പ്രാടിയർക്കൽ വികാരി ഓഫ് യൂറോപ്പ് റെസിഡന്റ് മെട്രോപൊളിറ്റനായ ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ് പറഞ്ഞു. മതങ്ങളുടെ അന്ത:സത്ത ഒന്നാണെന്ന് നൂറ്റാണ്ട് മുമ്പേ പറഞ്ഞ ഋഷിവര്യനുമാണ് ശ്രീനാരായണ ഗുരുവെനെന്നും ബിഷപ്പ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ പ്രവാചകനെ വിശേഷിപ്പിച്ച പോലെ ആരും ഇത്ര ലളിതമായി അവതരിപ്പിച്ചിട്ടില്ലെന്ന് പ്രഭാഷണം നടത്തിയ മുസ്തഫ മൗലവി പറഞ്ഞു. എല്ലാറ്റിനേയും ഉൾക്കൊള്ളാനുള്ള മനസ്സാണ് ഗുരുദേവന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി.ആർ. സോമശേഖരൻ (സനാതനധർമ്മം), സ്വാമി ആത്മദാസ് യമി, പ്രൊഫ. വിനോദ്കുമാർ (ബുദ്ധമതം), പ്രകാശ് പണ്ഡിറ്റ് (ജൈനമതം), അഡ്വ. ടി.ആർ. രാമനാഥൻ (ഹിന്ദുമതം) എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി. രാജൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, കൗൺസിലർ കെ. ജയകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആശ്രമത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സോമകുമാർ (പ്യാരി സോപ്പ്), പി.പി. സുരേഷ് (ട്രാവൻകൂർ അമോണിയ) എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതവും നാരായണ ഋഷി നന്ദിയും പറഞ്ഞു.

അരുവിപ്പുറം പ്രതിഷ്ഠയും സർവ്വമത സമ്മേളനവും വിശ്വമാനവികതയുടെ മഹാസന്ദേശം: സ്വാമി ശുഭാംഗാനന്ദ

ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സർവമത സമ്മേളനവും ലോകത്തിനു നൽകുന്നത് വിശ്വമാനവികതയുടെ മഹാസന്ദേശമാണെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. അദ്വൈതാശ്രമത്തിൽ 100 -ാത് സർവമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

മതങ്ങളെ രൂപപ്പെടുത്തിയ മനുഷ്യനെ മതങ്ങൾ രൂപപ്പെടുത്തരുതെന്ന ഉദ്‌ബോധനമാണു സർവമത സമ്മേളനം നൽകുന്നത്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന് തിരിച്ചറിയണം. എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധി യോടും സമഭക്തിയോടും കൂടി പഠിച്ചറിയണമെന്നു ഗുരു പറയുന്നത് പല മതസാരവും ഏകമാണെന്ന ബോധ്യം എല്ലാവരിലും ഉറയ്ക്കുന്നതിനായിട്ടാണ്. അങ്ങനെയായാൽ എല്ല മതപ്പോരുകളും അവസാനിക്കും.

ഗുരുദേവൻ വിഭാവനം ചെയ്ത മഹാപാഠശാല സ്ഥാപിച്ചാൽ ലോകത്തെ മനുഷ്യത്വത്തിലേക്കും മാനവികതയിലേക്കും നയിക്കുന്ന ഏറ്റവും മഹത്തായ സർവകലാശാലയായി മാറും. മനുഷ്യരെ വാർത്തെടുക്കുന്ന സർവകലാശാലകൾ ഇന്നു ലോകത്തില്ല. ആ കുറവ് പരിഹരിക്കാനുളള വലിയ സാധ്യതയാണു മതമഹാപാഠശാല എന്ന ഗുരുസങ്കല്പം നമുക്ക് നൽകുന്നതെന്നും സ്വാമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here