കൊച്ചി:ഞാറയ്ക്കലിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 272 കുപ്പി (143.40 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, ഓട്ടോറിക്ഷ, സ്കൂട്ടർ അടക്കമുള്ള വാഹനങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് ചാത്തൻതറ വീട്ടിൽ മിനിമോൾ (മീനാക്ഷി 50), എളങ്കുന്നപ്പുുഴ പുക്കാട് കളത്തിൽ വീട്ടിൽ സുമേഷ് (ജീമോൻ 46), വളപ്പ് പടിഞ്ഞാറ് കൊടുത്താളിപ്പറമ്പിൽ ജോഷി (57), വളപ്പ് ബീച്ച് റോഡ് ഈങ്ങവളപ്പിൽ വീട്ടിൽ സുനി (സുനിൽകുമാർ 49), ചാത്തൻതറ വീട്ടിൽ സുധീർ ബാബു (48), 17-കാരൻ, എന്നിവരെ മുനമ്പം ഡി വൈ എസ് പി എം.കെ.മുരളി, ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ എ.എൽ.യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

മിനിമോളുട പക്കൽ നിന്നും 7.9 ലിറ്ററും, ജീമോന്‍റെ കൈയ്യിൽ നിന്നും 8 ലിറ്ററും 17-കാരന്‍റെ സ്കൂട്ടറിൽനിന്നും 9.5 ലിറ്ററും, ജോഷിയുടെ വീട്ടിൽ നിന്നും 41.5 ലിറ്ററും, സുനിലിന്‍റെ ഓട്ടോറിക്ഷയിൽ നിന്നും 76.5 ലിറ്ററും മദ്യമാണ് പിടിച്ചെടുത്തത്. മിനിമോൾക്ക് മദ്യം വിൽപ്പനയ്ക്കായിയെത്തിച്ചത് സഹോദരൻ, സുധീർ ബാബുവാണ്. വളപ്പ് കേന്ദ്രീകരിച്ച് ഫാമിന്‍റെയും മറ്റും മറവിലാണ് അനധികൃതമായി മദ്യ വ്യാപാരം നടത്തിയിരുന്നത്. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും, 30-ലധികം കേസിൽ പ്രതിയുമായ വിബീഷ് ഒളിവിലാണ്. വിബീഷിന്‍റെ ഭാര്യാ പിതാവാണ് അറസ്റ്റിലായ ജോഷി. പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്യം കടത്തുന്നതിന് ഉപയോഗിച്ച വിബീഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞവർഷം ഒക്ടോബറിൽ 78 ലിറ്റർ വിദേശമദ്യവുമായി വിബീഷിനെ ഞാറയ്ക്കൽ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട ജീമോൻ 7 കേസുകളിൽ പ്രതിയാണ്. മുൻപ് മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് പിടികൂടിയവരെ നിരീക്ഷിച്ച് വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശ പ്രകാരം 5 ടീമുകളായി ഒരേ സമയം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അനധികൃത മദ്യവിൽപ്പനയ്ക്കെതിരെയും, മയക്കുമരുന്നിനെതിരെയുമുള്ള നടപടികൾ ശക്തമായി തുടരുമെന്നും ഞാറയ്ക്കൽ സ്റ്റേഷൻ ഹൌസ് ഓഫീസർ എ.എൽ.യേശുദാസ് അറിയിച്ചു. അനധികൃത മദ്യവിൽപ്പന സംഘത്തിന് മദ്യം നൽകിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സബ് ഇൻസ്പെക്ടർമാരായ വന്ദന കൃഷ്ണൻ, അഖിൽ വിജയകുമാർ, ടി.റെജി, ഏ.എസ്.ഐ മാരായ കെ.കെ.ദേവരാജ്, കെ.എ.റാണി,കെ.എ.പ്രിൻസി, സി.എ.ഷാഹിർ, എസ് സി പി ഒ മാരായ കെ.ടി.ഗിരിജാവല്ലഭൻ, കെ.ജി.പ്രീജൻ, സി പി ഒ മാരായ വി.വി.വിനേഷ്, വി.എസ്.സ്വരാബ്, കെ.എസ്.ശ്രീകാന്ത്, വി.കെ.രാഗേഷ്, ആൻറണി ഫ്രഡി, ടി.ബി.ഷിബിൻ, ജിംസൺ, കെ.പി.നിബു തുടങ്ങിയവരുമടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 17-കാരനൊഴികെ അറസ്റ്റിലായ മറ്റ് 5 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here