തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്പീക്കർ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്.
ഫേസ്ബുക്കിലൂടെ സ്പീക്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സന്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും സ്പീക്കർ അറിയിച്ചു.
ഡോളർ കടത്ത് കേസിൽ സ്പീക്കറെ വെള്ളിയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറുടെ ഔദ്യോഗിക വസതിയിൽവച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് വിവരം.
വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിൽ ശ്രീരാമകൃഷ്ണൻ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സുഖമില്ലെന്നു പറഞ്ഞ് ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.