ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

0
17

മാനന്തവാടി: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ കൂടി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ജയന്‍ എടത്തന മാവുങ്കണ്ടി വട്ടപൊയില്‍ (38),വിജയന്‍ മക്കോല കളപ്പുര(33),ബാലന്‍ മക്കോല കളപ്പുര (48) എന്നിവരാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ മക്കോല സുമേഷ് (32)നെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാപ്പാട്ടുമല തലക്കാംകുനി കേളു (38) ആണ് വെടിയേറ്റ് മരിച്ചത്. പേര്യ വള്ളിത്തോട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കല്‍പ്പറ്റ ഡിവൈ എസ് പി പ്രിന്‍സ് ഏബ്രഹാം, തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിരലായാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സുമേഷിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നായാട്ടു സംഘത്തിലെ മറ്റ് മൂന്നുപേരെയും കൂടീ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എല്ലാവരും വെടിയേറ്റ് മരിച്ച കേളുവിന്റെ സുഹൃത്തുക്കളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുമാണ്. മൃഗവേട്ടക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി. വെടിവെച്ചത് സുമേഷാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വെടിവെയ്ക്കാനുപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റ് പിടഞ്ഞ നിമിഷം യുവാവ് ഒരു ബന്ധുവിനെയും പ്രദേശത്തെ ചിലരെയും ഫോണ്‍ മുഖേന വിളിച്ചതായും സൂചനയുണ്ട്. വെടിയേറ്റ് വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മൃഗവേട്ട സംഘത്തിലെ ആരും തയ്യാറായില്ല. സംഭവം നടന്ന സ്ഥലത്ത് നിന്ന് കേവലം 200 മീറ്റര്‍ മാത്രം അകലെയാണ് പേര്യ വള്ളിത്തോട് സാമൂഹ്യാരോഗ്യകേന്ദ്രം. അടിവയറിനും കാലിനുമായി വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാര്‍ന്നാണ് മരിച്ചതെന്ന് കരുതുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here