വെള്ളിയാങ്കല്ലിന്റെ ഐതിഹ്യവുമായി എം.എസ്.കുമാറിന്റെ അവസാന കഥ

0
96

പട്ടാമ്പി: ഐതിഹ്യമുറങ്ങുന്ന വെള്ളിയാങ്കല്ലില്‍ പാലവുമായി ബന്ധപ്പെട്ട് മുമ്പ് തന്നെ ഒരു മിത്ത് ഉണ്ടായിരുന്നതായി ഈയിടെ അന്തരിച്ച സാഹിത്യകാരന്‍ എം.എസ്.കുമാര്‍ തന്റെ അവസാന കഥയില്‍ എഴുതിയിരിക്കുന്നു.
കഴിഞ്ഞ ജൂലായ് 30 ന് അന്തരിച്ച എം.എസ്.കുമാര്‍ കേസരി ഓണപ്പതിപ്പിന് അയച്ച് കൊടുത്ത ഈനാം പേച്ചി അഥവാ ? എന്ന കഥയിലാണ് വെള്ളിയാങ്കല്ലിന്റെ രസകരമായ ചിത്രമുള്ളത്. അതാവട്ടെ പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരെയും അദ്ദേഹത്തിന്റെ പത്‌നി പങ്കിയേയും ചുറ്റിപ്പറ്റിയാണ്. കഥയിലെ വരികള്‍ ഇങ്ങനെ.’വെള്ളിയാങ്കല്ല് അടിസ്ഥാനമാക്കി ഒരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരാണ് വെള്ളിയാങ്കല്ല് കോസ്‌വേയുടെ നിര്‍മ്മിതിക്കുള്ള ഐതിഹ്യം നല്‍കിയത്.പുഴക്കടവില്‍ നിന്ന് മുറം വില്‍പ്പനക്കിടയില്‍ പാക്കനാര്‍ പുഴ കടക്കാനിറങ്ങുമ്പോള്‍ പത്‌നി പങ്കി അദ്ദേഹത്തെ യാത്രയയക്കാനെത്തും. ഒരു നാള്‍ വൈകുന്നേരമായിട്ടും പാക്കനാര്‍ തിരിച്ചെത്തിയില്ല. പങ്കി കടവില്‍ കാത്ത് നിന്നു. പുഴ നിറഞ്ഞൊഴുകുന്നു. കാറ്റും മഴയും വരുന്നു. ഇരുട്ട് പരക്കുന്നു. പങ്കിക്ക് ഭയമായി. അവള്‍ അക്കരെ കടവിനെ നോക്കി ‘ഏയ് ‘ എന്ന് ശബ്ദമുണ്ടാക്കി പാക്കനാരെ വിളിച്ചു. മറുകരയില്‍ നിന്ന് ‘ പൂയ് ‘ എന്ന് പാക്കനാര്‍ കൂവിയതിന്റെ ശബ്ദവീചികള്‍ നേരെ മുന്നോട്ട് ചലിച്ച് പങ്കിയമ്മയുടെ കാതിലെത്തും വരെയുള്ള ദൂരം ഒരു വെള്ളി രേഖ പോലെ, ഘനീഭവിച്ചൊരു പാലം പോലെ നിലകൊള്ളുകയും, നദീജലം പാതയ്ക്കിരുവശവും നിശ്ചലമായി നിന്നു വെന്നും പുരാവൃത്തം’. ഇതാണ് കഥയില്‍ എം.എസ്.കുമാര്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. പള്ളിപ്പുറത്ത് നിന്ന് പരുതൂര്‍ കൊടിക്കുന്ന് വഴി തൃത്താലയ്ക്കുള്ള അധിനിവേശം തോണി കടന്നായിരുന്നെന്നും എം.എസ്.കുമാര്‍ കഥയില്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും നിലനില്‍ക്കുന്ന പുരാവൃത്തത്തില്‍ നിന്നും മാറി ചിന്തിച്ചു എം.എസ്.കുമാര്‍ എന്നതാണ് ഇതിലെ വരികളുടെ പ്രസക്തി.

LEAVE A REPLY

Please enter your comment!
Please enter your name here