ശാര്‍ങ്ഗക്കാവ് പാലം ഓര്‍മ്മയായി

0
125

ചാരുംമൂട്: നൂറനാട് – വെണ്മണി പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ചിരുന്ന ശാര്‍ങ്ഗക്കാവ് ഓട്ടോപ്പാലം ഇനി ഓര്‍മ്മ . അച്ചന്‍കോവിലാറ്റില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലുകള്‍ അതിജീവിച്ച പാലത്തിന് കഴിഞ്ഞ ദിവസങ്ങില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ തകര്‍ന്നു വീഴുകയായിരുന്നു.പതിമൂന്നു വര്‍ഷം മുമ്പ് അന്നത്തെ എം എല്‍ എ യായിരുന്ന കെ.കെ.ഷാജുവിന്റെ പ്രദേശിക ഫണ്ടില്‍ നിന്നും ഇരുപത്തിയഞ്ചു ലക്ഷം ചെലവാക്കി നിര്‍മ്മിച്ച പാലമാണിത്. പന്തളം, മാവേലിക്കര ,നൂറനാട്, ചാരുംമൂട് പ്രദേശങ്ങളില്‍ നിന്നും ശാര്‍ങ്ഗക്കാവ് ദേവീക്ഷേത്രത്തിലേക്ക് എളുപ്പം എത്താനുള്ള ഏക മാര്‍ഗ്ഗമായിരുന്നു ഈ പാലം. അച്ചന്‍കോവിലാറിനു കുറുകെ രണ്ടു പ്രദേശങ്ങളെ തമ്മില്‍ യോജിപ്പിച്ചു നിലനിന്നിരുന്നതിനാല്‍ മാവേലിക്കര-ചെങ്ങന്നൂര്‍ നിവാസികളുടെ രണ്ടു വശങ്ങളിലേക്കുമുള്ള യാത്ര എളുപ്പമായിരുന്നു. ശാര്‍ങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് പതിനായിരങ്ങള്‍ ക്ഷേത്രത്തിലെത്താന്‍ ആശ്രയിച്ചു വന്നിരുന്നതും ഈ പാലത്തെയായിരുന്നു. പാലം വരുന്നതിനു മുമ്പുള്ള വര്‍ഷങ്ങളിലെ വിഷു ഉത്സവങ്ങള്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ ആറിനു കുറുകെ മുളയും തെങ്ങും ഉപയോഗിച്ച് ചെങ്ങാടപ്പാലം നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സഞ്ചാരിക്കുവാന്‍ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. അക്കരെയെത്താന്‍ കടത്തുവള്ളത്തിനെ ആശ്രയിക്കണ്ടിയ അവസ്ഥയിലാണു നാട്ടുകാര്‍.തകര്‍ന്ന പാലത്തിന്റെ സ്ഥാനത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അടിയന്തിരമായി പുതിയ പാലം നിര്‍മ്മിക്കണമെന്നാണ് ഇരുകരകളിലേയും ജനങ്ങളുടെ ആവശ്യം. അടുത്ത വിഷു ഉത്സവത്തിന് കേവലം ഏഴു മാസമേയുള്ളൂ. അതിനു മുമ്പായി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പാലം നിര്‍മ്മിക്കുവാന്‍ മാവേലിക്കര ,ചെങ്ങന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ മുന്‍കൈയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here