ചരിത്ര സ്മാരകങ്ങള്‍ കാണാന്‍ ഇനി ചിലവേറും

0
99

കാസര്‍ഗോഡ്: ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന നിരക്ക് കേന്ദ്ര പുരാവസ്തു വകുപ്പ് കുത്തനെ കൂട്ടി. സ്മാരകങ്ങളുടെ പ്രാധാന്യമനുസരിച്ചാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ബേക്കല്‍ കോട്ട ഉള്‍പ്പെടെ പത്തോളം ചരിത്ര സ്മാരകങ്ങളാണുള്ളത്. പല സ്മാരകങ്ങളുടെയും നിരക്ക് 15 രൂപയില്‍ നിന്ന് 25 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ വിദേശികള്‍ക്കുള്ള നിരക്ക് 300 ല്‍ നിന്ന് 500 രൂപയാക്കിയാണ് ഉയര്‍ത്തിയത്.
അഞ്ച് ഡോളറിന് സമാനമായ തുകയാണ് മുമ്പ് ഈടാക്കിയിരുന്നത്.
രണ്ടര വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. നേരത്തെ അഞ്ച് രൂപയുണ്ടായിരുന്ന നിരക്കാണ് ഒറ്റയടിക്ക് 15 ആക്കിയത്. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വരുകയും ചെയ്തു. നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോഴും സന്ദര്‍ശകര്‍ക്ക് ആവശ്യമായ ഒരു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പിനെതിരെ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
എവിടെയും കുടിവെള്ള സൗകര്യം പോലും പുരാവസ്തു വകുപ്പ് നല്‍കാറില്ല. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പുകളോ സന്നദ്ധ സംഘടനകളോ അതിനായി മുന്നോട്ട് വന്നാല്‍ അനുമതി നിഷേധിക്കുന്ന നിലപാടാണ് കേന്ദ്ര പുരാവസ്തു വകുപ്പ് സ്വീകരിക്കുന്നതെന്ന അക്ഷേപവും നിലവിലുണ്ട്.
രാജ്യത്ത് താജ്മഹല്‍ ഉള്‍പ്പെടെ പത്തോളം അതിപ്രധാന്യമുള്ള ചരിത്ര സ്മരകങ്ങളും നൂറോളം മറ്റ് സ്മാരകളും നിലവില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കൈവശമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here