നിലമ്പരില്‍ ഓവര്‍സിയറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സംഭവം വിവാദമാകുന്നു

0
12

നിലമ്പൂര്‍: പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ഫസ്റ്റ് ക്ലാസ് ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത തന്റെ നടപടി തദ്ദേശസ്വയംഭരണ പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ റദ്ദാക്കിയത് പഞ്ചായത്തീരാജിനോടുള്ള വെല്ലുവിളിയാണെന്ന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍ നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തീരാജ് നിയമത്തിലെ 179,180,181 വകുപ്പുകള്‍ പ്രകാരം ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും 1997ലെ കേരള പഞ്ചായത്തീരാജ് ചട്ടങ്ങള്‍ എട്ട് പ്രകാരം ആവശ്യമെന്ന് തോന്നുന്നപക്ഷം സസ്‌പെന്‍ഡ് ചെയ്യുന്നതിനും അധികാരം നല്‍കിയിട്ടുണ്ട്. നിയമം ഇതായിരിക്കെ തനിക്കധികാരമില്ലാത്ത ഉത്തരവ് ഉണ്ടാക്കിയ എല്‍എസ്ജിഡി ചീഫ് എഞ്ചിനിയറുടെ അധികാരം നിലനില്‍ക്കുന്നതല്ലെന്നും സസ്‌പെന്‍ഷന്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് എഞ്ചിനിയറുടെ ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് എഞ്ചിനിയറുടെ ഉത്തരവ് സര്‍വീസിലെ ചില അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. പഞ്ചായത്തിനുള്ള അധികാരങ്ങളെക്കുറിച്ച് ജനപ്രതിനിധികളില്‍ തെറ്റിദ്ധാരണയുളവാക്കും. ചീഫ് എഞ്ചിനിയറുടെ നടപടി റദ്ദാക്കാന്‍ ഏതറ്റം വരെ പോകാനും ജനപ്രതിനിധികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് എഞ്ചിനിയറുടെ റദ്ദാക്കിയ ഉത്തരവില്‍ പ്രസിഡന്റിന് ഉത്തരവിന്റെ കോപ്പി മാര്‍ക്ക് ചെയ്യാത്തതിലും അദ്ദേഹം പ്രതിഷേധിച്ചു.

ഈ മാസം ആറിനാണ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഫസ്റ്റ് ക്ലാസ് ഓവര്‍സിയറായിരുന്ന കെ. ലീനീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ പൊതുമരാമത്ത് എഞ്ചിനിയറിംഗ് വിഭാഗത്തെ ഏല്‍പ്പിച്ച പല പ്രവര്‍ത്തികളും നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തല്ലായിരുന്നുവെന്നും പൂര്‍ത്തീകരിച്ച പല പ്രവര്‍ത്തികളും ഉദ്ദേശ്യം സാധൂകരിക്കുന്ന രീതിയിലുള്ളതല്ലായിരുന്നുവെന്നും പണം ചെലവഴിക്കാന്‍ മാത്രമായിരുന്നു പല പ്രവര്‍ത്തികളെന്നും ഭരണസമിതി ആരോപണമുന്നയിച്ചിരുന്നു. തന്റെ അധികാര പരിധിയിലോ സൂക്ഷിപ്പിലോ വരാത്ത പ്രവര്‍ത്തി സംബന്ധമായ ഫയലുകളും എം.ബുക്ക് ഉള്‍പ്പെടെയുള്ളവ സ്വകാര്യ എസ്റ്റിമേറ്റ് തയ്യാറാക്കുന്നവരെ ഏല്‍പ്പിച്ചതും വിവാദമായിരുന്നു. കരാറുകാരെ സഹായിക്കാനാണ് ഇത്തരം പ്രവര്‍ത്തികള്‍ ലിനീഷ് നടത്തിയിരുന്നതെന്നും കാണിച്ചാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ 22ന് മലപ്പുറം ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ലിനീഷിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കാണിച്ചാണ് 25ന് ചീഫ് എഞ്ചിനിയര്‍ സസ്‌പെന്‍ഷര്‍ റദ്ദ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here