കെ.ശ്രീവത്സന്‍
മലയാളം എന്നാല്‍ മലയോടു ചേര്‍ന്നുകിടക്കുന്ന ദേശം എന്നര്‍ത്ഥം. ഒരു കാലത്ത് ദേശനാമത്തെ കുറിച്ചിരുന്ന ഈ പദം കേരവൃക്ഷങ്ങളുടെ ദേശം എന്ന അര്‍ത്ഥത്തില്‍ നാടിന് കേരളം എന്ന പേരുവീണതോടെ ‘ഭാഷാനാമമായി ഒതുങ്ങി.

2018 നവമ്പര്‍ ഒന്നോടെ നമ്മുടെ സാക്ഷരകേരളത്തിന് അറുപത്തിരണ്ട് വയസ് തികയുകയാണ്. ഇക്കാലയളവിനുള്ളില്‍ അസൂയാവഹമായ പുരോഗതിയായി എടുത്തുപറയുവാന്‍ നമുക്ക് എന്താണുള്ളത്? ‘ഭൂമിയില്‍ ഈശ്വരന്റെ കയ്യൊപ്പുപതിഞ്ഞ പവിത്രമായ മണ്ണാണ് നമ്മുടേത്. ഇത് തിരിച്ചറിഞ്ഞിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. നമ്മുടെ സംസ്‌കാരത്തെ വാനോളം ഉയര്‍ത്തുവാന്‍ പരിശ്രമിച്ചതും അവരാണ്. പഴയ തലമുറയിലെ ചില കണ്ണികളാണ് ഇന്നും നമ്മുടെ നാടിന്റെ അഭിമാനം. വിദേശസംസ്‌കാരത്തെ അന്ധമായി അനുകരിക്കാന്‍ ഇന്നത്തെ തലമുറ ശ്രമിക്കുമ്പോള്‍ അക്കാര്യം വിസ്മരിക്കരുത്. വിദേശിയും അവന്റെ സംസ്‌കാരത്തെ ബഹുമാനിക്കുന്നു. ആ വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്.

സ്വന്തം നാടിനേയും സംസ്‌കാരത്തേയും ‘ഭാഷയേയും മറന്ന് വിദേശ’ഭാഷയേയും സംസ്‌കാരത്തേയും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവണത സ്വന്തം ഗൃഹത്തില്‍ നിന്ന് പെറ്റമ്മയെ കുടിയിറക്കുന്നതിന് തുല്യമാണ്.

ഇന്ന് എവിടെയാണ് കേരവൃക്ഷങ്ങളുടെ സമൃദ്ധി. എവിടെയാണ് നെല്‍ക്കതിരിന്റെ നിറവ്? എവിടെയാണ് ഹരിതഭംഗി? ഇതിന് ഉത്തരവാദി ആരാണ്?സ്വന്തം നാടിന്റെ പരിമിതിയും വ്യാപ്തിയും തിരിച്ചറിയാതെയുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികളെ പോലും പരീക്ഷണ വസ്തുക്കളാക്കുന്നു.വിദ്യാഭ്യാസം ഓരോ പൗരന്റെയും ജന്‍മാവകാശമാണ്. എന്നാല്‍ ഇന്ന് അത് നേടിയെടുക്കാന്‍ കഴിയാത്ത വിധം വ്യാവസായികവത്കരിക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുക…

ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം വെറും പേരിനു മാത്രമായി ചുരുങ്ങുന്നു. ജന്‍മദേശത്തിന്റെ ഐശ്വര്യവും നന്‍മയും സമൃദ്ധിയും എന്നെന്നും നിലനില്‍ക്കുന്നതിനായി നമുക്ക് പ്രയത്‌നിക്കാം. അസുരശക്തികള്‍ക്കെതിരെ നമുക്ക് ശബ്ദമുയര്‍ത്താം. പോരാടാം.
അതാകട്ടെ അറുപത്തിരണ്ടിന്റെ സന്ദേശം….

LEAVE A REPLY

Please enter your comment!
Please enter your name here