റെജി നായര്‍
തിരൂര്‍: അതാത് പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ തിരൂര്‍ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡി ദൃശ്യം സംഘപരിവാര്‍ ഭീഷണിയില്‍ മായ്ച്ച നടപടിയില്‍ വ്യാപക പ്രതിഷേധം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സാംസ്‌കാരിക സംഘടനകളും റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഗണ്‍ ട്രാജഡി, തുഞ്ചന്‍ പറമ്പ്, മാമാങ്കം, സംസ്ഥാനത്തെ ആദ്യ റയില്‍വേ സ്റ്റേഷന്‍ ആയതിന്റെ രേഖ എന്നിവയാണ് തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ ചുവര്‍ ചിത്രങ്ങളാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യം വരച്ച വാഗണ്‍ ട്രാജഡി ദൃശ്യമാണ് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് റയില്‍വേ ബോര്‍ഡ് അടിയന്തര ഉത്തരവ് നല്‍കി ഒറ്റ ദിവസം കൊണ്ട് മായ്ച്ചു കളഞ്ഞത്. 1921-ലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മലബാര്‍ കലാപത്തെതുടര്‍ന്ന് മാപ്പിള പോരാളികളെ തിരൂര്‍ സ്റ്റേഷനില്‍ നിന്നും വായുവും വെളിച്ചമില്ലാത്ത ഒരു വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോവുകയായിരുന്നു. വണ്ടി പോത്തന്നൂരിലെത്തിയതോടെ മുഴുവന്‍ സമര പോരാളികളും ശ്വാസം കിട്ടാതെ പരസ്പരം കടിച്ചു കീറി പിടഞ്ഞു മരിച്ചിരുന്നു. വാഗണ്‍ അടച്ചു പൂട്ടി വണ്ടി തിരൂരിലേക്ക് തന്നെ തിരിച്ചു വിട്ടു.
പ്രദേശത്തെ നാട്ടുപ്രമാണികളെ നിര്‍ബന്ധിച്ച് ഏറ്റെടുപ്പിച്ച മുസ്ലിം മൃതദേഹങ്ങള്‍ തിരൂര്‍ കോട്ട്, കോരങ്ങത്ത് ജുമുഅ മസ്ജിദുകളില്‍ കബറടക്കി. ഹിന്ദുക്കളായ പോരാളികളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുടെ മൃതദേഹങ്ങള്‍ മുത്തൂരിലെ കല്ല് വെട്ട് കുഴിയില്‍ സംസ്‌കരിച്ചതായാണ് ചരിത്രം. ഇവയെല്ലാം സ്മാരകങ്ങളായി സംരക്ഷിച്ചിട്ടുമുണ്ട്. നഗരസഭയുടെ ടൗണ്‍ ഹാള്‍ പോലും വാഗണ്‍ ട്രാജഡി സ്മാരകമായാണ് നിലകൊള്ളുന്നത്. അന്നൊന്നുമില്ലാത്ത രീതിയിലാണ് സംഘ്പരിവാര്‍ റെയില്‍വേസ്‌റ്റേഷനില്‍ ചരിത്രം വരയ്ക്കുന്നതിനെതിരെ പ്രധിഷേധിച്ചത്.
ചിത്രങ്ങള്‍ മായ്ച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങിയതായി മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകുന്നേരം 5 ന് വാഗണ്‍ ട്രാജഡി പ്രതീകാത്മക ചിത്രരചനാ പ്രതിഷേധം നടത്തും.
ഇന്ന് രാവിലെ പത്തിന് മുസ്ലിം ലീഗ് മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളേയും അണിനിരത്തി മാര്‍ച്ചും നടത്തും. ചരിത്ര ദൃശ്യം മായ്ച്ച നടപടിയില്‍ ശക്തമായി അപലപിക്കുന്നതായി സി.പി.ഐ. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.നന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് റയില്‍വേ സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു.
സെക്രട്ടറി യാസിര്‍ പൊട്ടച്ചോല നേതൃത്വം നല്‍കി.
എസ്.ഡി.പി.ഐ. ഇന്ന് വേറിട്ട മാതൃകയില്‍ പ്രതിഷേധം നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് ടേരി ‘കേരള പ്രണാമ’ത്തോട് പറഞ്ഞു. പാഠ പുസ്തകങ്ങളില്‍, സ്ഥലനാമ മാറ്റം വരുത്തല്‍ ഉള്‍പ്പടെയുള്ള സംഘപരിവാറിന്റെ സ്ഥിരം പ്രവര്‍ത്തനശൈലിതന്നെയാണ് തിരൂര്‍ സംഭവത്തിലുമുള്ളതെന്ന് ഗണേഷ് ടേരി കൂട്ടിചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ, എസ്.വൈ.എസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കലാകാരന്മാരുടെ സംഘടനകള്‍ തുടങ്ങി എല്ലാവരും ഈ ഫാസിസ്റ്റ് നടപടിക്കെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ചരിത്ര ദൃശ്യം പുന:സ്ഥാപിക്കണമെന്നതാണ് പരക്കെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here