മറയൂർ . വിശേഷ ദിനങ്ങളോടനുബന്ധിച്ച് മുല്ലപ്പൂവിന് റെക്കോർഡ് വില. തമിഴ്‌നാട്ടിലും അതിർത്തി ഗ്രാമങ്ങളിലും ആവശ്യക്കാർ ഏറിയതും ഉത്പാദന കുറവുമാണ് മുല്ലപ്പൂവിന് വില വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.
ഇന്നലെ മാർക്കറ്റിലെത്തിയ മുല്ലപ്പൂവിന് 1200 രൂപയായിരുന്നു വില. കഴിഞ്ഞ ആഴ്ചകളിൽ 1200 മുതൽ 2000 രൂപവരെയായി വില ഉയർന്നിരുന്നു. അടുത്തടുത്ത് വരുന്ന മുഹൂർത്ത ദിനങ്ങളും പ്രതികൂല കാലവസ്ഥയാൽ ഉത്പാദനം കുറഞ്ഞതുമാണ് പ്രധാനമായും വില ഉയർച്ചക്ക് കാരണം.
തമിഴ്‌നാട് ദിണ്ഡുക്കൽ, നിലക്കോട്ട, ഒട്ടംചത്തിരം, പഴനി, ആയക്കുടി, വത്തലഗുണ്ട് എന്നിവടങ്ങളിലായി 1000ൽ അധികം ഹെക്ടർ സ്ഥലത്താണ് മുല്ലപ്പു കൃഷി ചെയ്ത് വരുന്നത്. മുല്ലപ്പൂവ് കൂടാതെ മറ്റു പൂക്കൾക്കും ഉയർന്ന വിലയാണ് നിലവിലുള്ളത്.