ശബരിമല:നാളെ സര്‍വകക്ഷിയോഗം; തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടാന്‍ സര്‍ക്കാര്‍

0
7

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടാനും അഭിപ്രായസമന്വയത്തിനായി സര്‍വകക്ഷിയോഗം വിളിക്കാനും സര്‍ക്കാര്‍ തീരുമാനം. തന്ത്രിയും പന്തളം രാജകുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

നാളെ രാവിലെ 11നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം വിളിക്കാനാണു തീരുമാനം. മണ്ഡലകാലം ആരംഭിക്കാന്‍ മൂന്നുദിവസംമാത്രം ബാക്കിയുള്ളതിനാല്‍ ശബരിമലയില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാനാണ് സര്‍ക്കാര്‍ശ്രമം. നിര്‍ണായകമായ വിഷയത്തിലെ പുനഃപരിശോധന സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അതിന് ആധാരമായ നിലവിലെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാനാകുമോയെന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. നിലവിലെ വിധി അനുസരിച്ച് സ്ത്രീപ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഇനി മന്ദത വരുമെന്നാണ് സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ കണക്കുകൂട്ടല്‍. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു വ്യക്തമായി ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടയിയുടെ പുതിയ ഉത്തരവിന്റെ കാര്യത്തില്‍ നിയമോപദേശം തേടുമെന്നാണ് വിധിവന്നതിനു പിന്നാലെ അഭിപ്രായപ്പെട്ടത്.

ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്നും മണ്ഡലകാലം തുടങ്ങിയാല്‍ ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here