എം.കെ. ഹരികുമാര്‍- വെളിച്ചത്തിന്റെ കവചങ്ങള്‍

ഇരുപതാം നൂറ്റാണ്ടില്‍ ചെറുകഥ എന്ന മാധ്യമത്തില്‍ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത് അര്‍ജന്റീനക്കാരനായ ലൂയി ബോര്‍ഹസ് (1899-1986) ആണ്. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട് സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകള്‍ വേറൊരാള്‍ക്ക് എഴുതാനാവുന്നതല്ല. അത് ബോര്‍ഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും കലര്‍ന്ന പുതിയൊരു നോട്ടമാണ്. മനുഷ്യഭാവനയുടെ ഒരു പൊട്ടിത്തെറിയാണ്. കവിതകളും വിമര്‍ശനങ്ങളും ചെറുകഥകളുമാണ് അദ്ദേഹത്തിന്റെ സംഭാവന. വളരെയേറെ വ്യാഖ്യാനങ്ങളും വായനകളും നടന്നു കഴിഞ്ഞ ബോര്‍ഹസ് കഥകളുടെ ഒരു സമാഹാരം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കെ. ജീവന്‍കുമാറും പി. അനില്‍കുമാറും ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കയാണ്. മലയാളത്തില്‍ ബോര്‍ഹസിനെപ്പറ്റി നേരത്തെ ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും, ആ കഥകളുടെ രൂപപരമായ പ്രത്യേകതകള്‍ മലയാളികള്‍ വേണ്ടപോലെ മനസിലാക്കിയിട്ടുണ്ടോ എന്ന സംശയമാണ്. ഇനി ബോര്‍ഹസ് കഥകള്‍ക്ക് പുതിയ വായനക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
എങ്ങനെയാണ് എഴുതേണ്ടതെന്ന് ബോര്‍ഹസ് നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുമെന്ന് പറഞ്ഞത് ‘ഏകാന്തതയുടെ ഒരുനൂറ് വര്‍ഷങ്ങള്‍’ എന്ന വിഖ്യാത നോവലെഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസാണ്.
ഉപന്യാസത്തിന്റെയും കല്പിതകഥയുടെയും അധികപ്രസംഗങ്ങള്‍ എന്ന നിലയിലാണ് ആ കഥകള്‍ അവതരിക്കുന്നത്. ഈ സമാഹാരത്തില്‍, അദ്ദേഹത്തിന്റെ മികച്ച കഥകളെല്ലാം തന്നെ വന്നിട്ടുണ്ട്. ഞെട്ടിക്കുന്ന ഒരു കഥയാണ്, ‘പിയറി മെനാദ്, ഡോണ്‍ ക്വിക്‌സോട്ടി’ന്റെ രചയിതാവ് (പിയറി മെനാദ്, ഓഥര്‍ ഓഫ് ക്വിക്‌സോട്ട്). സ്പാനീഷ് ഭാഷയിലെ ഏറ്റവും വലിയ സാഹിത്യകാരനായ മിഗ്വല്‍ സെര്‍വാന്തിസ് (1547-1616) രചിച്ച ഡോണ്‍ ക്വിക്‌സോട്ട് നൂറ്റിനാല്പതു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബോര്‍ഹസിന്റെ കഥയുടെ പ്രമേയം, സെര്‍വാന്തിസിന്റെ ‘ഡോണ്‍ ക്വിക്‌സോട്ടി’നു സമാനമായി മെനാദ് എന്ന എഴുത്തുകാരന്‍ മറ്റൊരു ‘ക്വിക്‌സോട്ട്’ രചിക്കുന്നതിനെക്കുറിച്ചാണ്. പകര്‍ത്തിയെഴുത്തല്ല, ഓരോ വരിയിലും കൃതിയോട് യാദൃച്ഛികമായ ഏകീഭാവം പുലര്‍ത്തുന്ന കുറേ പേജുകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. മെനാദ് എന്ന എഴുത്തുകാരന്‍ യഥാര്‍ത്ഥത്തിലുള്ളതല്ല. സെര്‍വാന്തിസിന്റെ നോവലിനേക്കാള്‍ നല്ലതാണ് മെനാദിന്റേതെന്ന് ബോര്‍ഹസ് കാര്യകാരണ സഹിതം പ്രഖ്യാപിക്കുന്നു. ഈ രണ്ടു കൃതികളുടെയും താരതമ്യം, മെനാദിനു നേരിടേണ്ടിവന്ന താത്ത്വികമായ വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളാണ് ബോര്‍ഹസ് പരിശോധിക്കുന്നത്. ചെറുകഥയെപ്പറ്റിയുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ ഇവിടെ തകര്‍ന്നുവീഴുന്നു. അത് എഴുത്തുകാരന്റെ നിശിതമായ വ്യക്തിപരതയുടെയും ആത്മവിചാരണയുടെയും ലോകത്തിന്റെ നേരിട്ടുള്ള ഇടപെടലായി മാറുകയാണ്.
ഒന്‍പതാം വയസില്‍ ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ നാടകം മൊഴിമാറ്റിയ മഹാനാണ് ബോര്‍ഹസ്. അദ്ദേഹത്തിനു പല ഭാഷകള്‍ അറിയാമായിരുന്നു അതിഗഹനമായി ചിന്തിക്കുന്നതും യാഥാര്‍ത്ഥ്യത്തെ പുനര്‍വിചാരണ ചെയ്യുന്നതും ഈ കഥാകാരന്റെ ശീലമാണ്. കാവ്യപരമായ സൈദ്ധാന്തിക തത്ത്വങ്ങളെക്കുറിച്ച് ഗഹനമായി മനസിലാക്കിയ കഥാകാരന്‍ കഥാരചനയില്‍ അതിനെ ഭാവനയിലൂടെ പുതിയ രീതിയില്‍ സന്നിവേശിപ്പിക്കുന്നു.
അദ്ദേഹം ഇങ്ങനെ എഴുതി: ”ഞാനൊരു യാഥാസ്ഥിതികനാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്, നാസികള്‍ക്കെതിരാണ്, ജൂതവിരുദ്ധരെ അംഗീകരിക്കാത്തവനാണ് എന്നൊക്കെ പറഞ്ഞോളൂ. എന്നാല്‍ എന്റെ ഈ തരത്തിലുള്ള അഭിപ്രായങ്ങളൊന്നും സാഹിത്യരചനകളില്‍ കടന്നുവരാന്‍ ഞാന്‍ അനുവദിക്കില്ല. സ്വപ്നം കാണാന്‍ കഴിയുന്നിടത്താണ് സാഹിത്യം. എഴുതുമ്പോള്‍ സ്വപ്നവും കലരണം. വാക്കുകളെ മറക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. അതിനു വാക്കുകളില്‍ അമിതമായ ശ്രദ്ധവേണ്ട. നിങ്ങള്‍ പുസ്തകത്തെയാണ് ഇഷ്ടപ്പെടുന്നത്, വാക്കുകളെയല്ല.”
ബോര്‍ഹസിന്റെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നാണ് ‘ബാബേല്‍ ലൈബ്രറി’. അനന്തമായ ഷഡ്ഭുജ ഗാലറികള്‍കൊണ്ട് നിര്‍മ്മിച്ച ലൈബ്രറിയെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. ലൈബ്രറി നമ്മുടെ മുന്നില്‍ ഒരു വാര്‍പ്പ് രൂപമായി നില്‍ക്കുകയാണെങ്കിലും, കഥാകൃത്ത് അതിനെ പ്രപഞ്ചമായി ഭാവന ചെയ്യുന്നു. എഴുതപ്പെട്ട പുസ്തകങ്ങള്‍പോലെ എഴുതപ്പെടാത്തതുമുണ്ട്. എഴുതപ്പെട്ടതുതന്നെ പല രീതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലൈബ്രറി അവസാനമില്ലാത്തതാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. മനുഷ്യന്‍ എന്ന അപൂര്‍ണനായ ലൈബ്രേറിയന്‍, ഭാവിയുടെ സവിസ്തരമായ ചരിത്രം, ഭ്രാന്തിനും മതിഭ്രമത്തിനും അടിമയായ ഏതോ ദേവത, ഉന്മാദത്തിന്റെ ലൈബ്രറി തുടങ്ങിയ വാചകങ്ങള്‍ കഥാകൃത്ത് ലൈബ്രറിയെ എങ്ങനെ അയഥാര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ഖരവസ്തുവിനെ അതിന്റെ വിഭിന്നങ്ങളായ സാധ്യതകളായി പറിച്ചെടുത്ത് വിശകലനം ചെയ്യുന്ന കഥനരീതിയാണ് ബോര്‍ഹസിന്റേത്. അദ്ദേഹം അനുവദിക്കപ്പെട്ട സ്ഥിതിവിവര കണക്കുകളില്‍ അതൃപ്തനാണ്. തന്റെ ജ്ഞാനദാഹിയും വികേന്ദ്രീകൃതവും ചലനാത്മകവുമായ സാഹിത്യധിഷണയ്ക്ക്, ഭൂമിയില്‍ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന വാസ്തവികത മതിയാവില്ലെന്ന് ഈ കഥകളിലൂടെ അദ്ദേഹം വിളിച്ചു പറയുന്നതായി തോന്നും. ബോര്‍ഹസ് വ്യത്യസ്തമായ ഒരു സാഹിത്യവീക്ഷണത്തിന്റെ പിടിയിലാണ്. വ്യവസ്ഥാപിതമായ രചനകള്‍ മനുഷ്യരാശിയുടെ ഇന്നത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല എന്ന വാദം ഉയര്‍ത്തുന്നത് ഇതിനു തെളിവാണ്. മനുഷ്യരാശി നാശത്തിലേക്ക് കുതിക്കുകയാണ്. ഭ്രാന്തവും ക്രമരഹിതവുമായ ഒരു ജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍പ്പെട്ട് അവന്റെ ചിന്തയ്ക്ക് സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. വ്യവസ്ഥാപിത സാഹിത്യം ധ്വനിപ്പിക്കുന്നത്, എല്ലാം നേരത്തേ തന്നെ എഴുതപ്പെട്ടതാണെന്ന കാര്യമാണ്. അത് നമ്മുടെ വിഭ്രാമകമായ ബൗദ്ധിക വ്യാപാരത്തെയോ ആന്തരികമായ വഴിതെറ്റലുകളെയോ കാണുന്നതിനു പകരം, ജീവിതം എന്ന സാമ്പ്രദായികത്വത്തെ പിന്നെയും പിന്നെയും ആനയിക്കുകയാണ്. സംഭവിച്ചത്, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതേപടി എഴുതുന്നത് നമ്മുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിനു തുല്യമാണെന്ന് ബോര്‍ഹസിനു അഭിപ്രായമുണ്ട്.
ഈ ലോകം മനുഷ്യനെ കുഴച്ചുമറിക്കുന്ന ഒരു നൂല്‍കുരുക്കാണെന്നും അതുകൊണ്ടുതന്നെ ജീവിതം അര്‍ത്ഥശൂന്യമായിപ്പോയേക്കാവുന്ന ഒരു ഉദ്യമമാണെന്നും ചിന്തിച്ച ഫ്രാന്‍സ് കാഫ്കയോടു സാദൃശമുള്ളതാണ് ബോര്‍ഹസിന്റെയും ചിന്താരീതി. ‘വൃത്താകാരമാര്‍ന്ന അവശിഷ്ടങ്ങള്‍’ (ദ് സര്‍ക്കുലര്‍ റൂയിന്‍സ്) എന്ന കഥയില്‍ സ്വപ്നം കാണാന്‍ വേണ്ടി ഏറെക്കുറെ വിജനമായ ഒരു ഗ്രാമത്തിലെത്തുന്ന അപരിചിതനെ കാണാം. യാഥാര്‍ത്ഥ്യത്തെയും സ്വപ്നത്തെയും ഇഴപിരിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അയാള്‍, ചിലപ്പോള്‍ യാഥാര്‍ത്ഥ്യമല്ല. കഥയുടെ അന്ത്യത്തിലെ വാക്യങ്ങള്‍ ഇതാണ്. ആശ്വാസവും അപമാനവും ഭീതിയും ഇടകലരവേ താനും വെറുമൊരു തോന്നല്‍ മാത്രമാണെന്നും മറ്റാരോ തന്നെ സ്വപ്നം കാണുകയാണെന്നും അയാള്‍ തിരിച്ചറിഞ്ഞു.
എന്താണ് എഴുത്ത് എന്ന സാമാന്യമായ ചോദ്യത്തെ കൂടുതല്‍ ആഴമുള്ളതാക്കിക്കൊണ്ട് ബോര്‍ഹസ് ഒരിക്കല്‍ ഇങ്ങനെ പ്രതികരിച്ചു: എഴുത്തുകാരന്‍ തന്റെ മനസിലേക്ക് വരുന്ന വസ്തുക്കളെയും ചിന്തകളെയും പ്രതീകങ്ങളാക്കി മാറ്റണം. പ്രതീകങ്ങള്‍ വാക്കുകള്‍ തന്നെയാണ്. അതില്‍ വര്‍ണങ്ങളും രൂപങ്ങളും ഉള്‍പ്പെടും. ഇത് അനന്തമായ ജോലിയാണ്. എല്ലാറ്റിനെയും മറ്റൊന്നാക്കിമാറ്റണം.
സാഹിത്യരചന ശാരീരികമോ മാനസികമോ ആയ ക്രമക്കേടായി മാറിയതാണ് ബോര്‍ഹസിന്റെ കാര്യത്തില്‍ സംഭവിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്ക് എഴുതാതിരിക്കാനാവില്ല. എഴുത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്റെ മനസില്‍ കുറ്റബോധം നിറയ്ക്കും.
ബോര്‍ഹസിന്റെ വാര്‍ദ്ധക്യകാലത്ത് അദ്ദേഹം പൂര്‍ണമായും അന്ധനായി മാറി. ഇതും ആ മനോഘടനയില്‍ ആവിഷ്‌കാരത്തെപ്പറ്റി ഭിന്നാഭിപ്രായം ജനിക്കുന്നതിനു സാധ്യതയൊരുക്കി.
സാങ്കല്പിക കൃതികളുടെ വിശകലനം ബോര്‍ഹസിന്റെ ഒരു രീതിയാണ്. ‘യൂദാസിന്റെ മൂന്ന് പാഠഭേദങ്ങള്‍’, റ്റ്‌ലോണ്‍, ഉഖ്ബാര്‍, ഓര്‍ബിസ് റ്റേര്‍ഷ്യസ്, അല്‍മുത്താസിമിനോടുള്ള സമീപനം എന്നീ കഥകള്‍ സാങ്കല്പിക രചനകളെ ഉപയോഗിച്ചുകൊണ്ട് തന്റെ സ്വകാര്യസ്വപ്നങ്ങളെ സമസ്യ എന്ന നിലയില്‍ പകര്‍ത്തുന്നു; ഓരോന്നും ഓരോ ഘടനയില്‍തന്നെ.
ഭാവനയിലേക്കുള്ള പ്രവേശനം, ഉപാധികളില്ലാത്ത ഒരൊഴുക്കാണ്. നശ്വരമായ ഈ ലോകത്തിന്റെ ഇടുങ്ങിയതും യുക്തിയാല്‍ വിറങ്ങലിച്ചതുമായ നീതീകരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആന്തരവും സ്വപ്നസദൃശവും വിമലീകൃതവുമായ ആകാശങ്ങള്‍ ആവശ്യമാണ്. എഴുത്തുകാരനെ അത് ഒന്നുകൂടി ജനിക്കാന്‍ പ്രലോഭിപ്പിക്കുകയാണ്. ഈ പ്രലോഭനമാണ് തെക്കന്‍ദേശം, പരേതന്‍, ഒരു ജര്‍മ്മന്‍ ചരമഗീതം എന്നീ കഥകളില്‍ കാണാനാകുന്നത്. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പിഴുതെറിഞ്ഞുകൊണ്ട് ബോര്‍ഹസ് ഇങ്ങനെ വിശദീകരിക്കുന്നു: ”അയഥാര്‍ത്ഥവസ്തു, അയഥാര്‍ത്ഥ സംഭവം എന്നൊക്കെ പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നാണ് എന്റെ പക്ഷം. നിങ്ങള്‍ എന്തിനെക്കുറിച്ചാണോ പറയുന്നത് അല്ലെങ്കില്‍ സ്വപ്നം കാണുന്നത്, അത് ആ നിലയില്‍ യഥാര്‍ത്ഥമാണ്. യഥാര്‍ത്ഥം എന്ന വാക്കിന് വേറെ അര്‍ത്ഥമുണ്ടാകുമായിരിക്കും. എന്നാല്‍ അയഥാര്‍ത്ഥം എന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.”
കാലത്തിന്റെ പുതിയ നിരാകരണം (എ ന്യൂ റെഫ്യൂട്ടേഷന്‍ ഓഫ് ടൈം) എന്ന ലേഖനത്തില്‍ ബോര്‍ഹസ് ഓര്‍മ്മിപ്പിക്കുന്നത്, തന്നെ ഭക്ഷിക്കാന്‍ കാലം എന്ന കടുവ പാഞ്ഞടുക്കുകയാണെന്നും എന്നാല്‍ താന്‍ തന്നെയാണ് ആ കാലമെന്നുമാണ്. യുക്തിയുടെ ഈ വൈചിത്ര്യമാണ് ബോര്‍ഹസ് കഥകള്‍ ഉള്ളില്‍നിന്ന് നിര്‍ധാരണം ചെയ്യുന്നത്. ക്രമം തെറ്റിക്കിടക്കുന്ന ലോകത്ത്, ഉപേക്ഷിക്കപ്പെട്ട യുക്തികൊണ്ട് അദ്ദേഹം ഭാവനയുടെ ക്രമമുണ്ടാക്കുന്നു. അതാകട്ടെ ചെറുകഥയുടെ ഭാവിയെ കൂടുതലായി ആവശ്യപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here