ശബരിമല: സമരരീതി മാറ്റിപ്പിടിച്ച് ബിജെപി; തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം; അഞ്ചുമുതല്‍ അയ്യപ്പഭക്ത സദസ്

0
8

കൊച്ചി: ശബരിമല വിഷയത്തില്‍ സമരരീതി മാറ്റി ബി.ജെ.പി. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റാനാണ് തീരുമാനം.. സെക്രട്ടറിയേറ്റിന് മുന്നില്‍ തിങ്കളാഴ്ച നിരാഹാര സമരം തുടങ്ങും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാരം തുടങ്ങുക. ഓരോ ദിവസവും ഓരോ ജില്ലകള്‍ക്കാണ് സമരത്തിന്റെ ചുമതല. പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്കനുകൂലമായ തീരുമാനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ബിജെപി.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ശബരിമല വിഷയത്തിലെ ഒപ്പുശേഖരണം തുടരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. അഞ്ചാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസ് സംഘടിപ്പിക്കും. അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബി.ജെ.പിയില്‍ ചേരാന്‍ വരുന്നവരെ ഈ ചടങ്ങില്‍ സ്വീകരിക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനാണ് ഏകോപന ചുമതല.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ നാലംഗ സംഘം ഡിസംബര്‍ 2, 3 തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ശബരിമല കര്‍മ്മ സമിതി, പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പി.സി ജോര്‍ജുമായി നിയമസഭയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ശ്രീധരന്‍പിള്ള അറിയിച്ചു. ജോര്‍ജിനെ എന്‍.ഡി.എയില്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here