തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ അവസാനദിനം സഭാതലത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരും പോര്‍വിളിയും കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുന്ന വേളയിലാണ് ഭരണപക്ഷാംഗം വി. ജോയ്, പ്രതിപക്ഷാംഗം പി.കെ ബഷീര്‍ എന്നിവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ശബരിമല വിഷയം മുന്‍നിര്‍ത്തി സഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം ഒത്തുതീര്‍പ്പാക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാവിലെ ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ചിരുന്നു. പിന്നീട് അടുത്തിടെ അന്തരിച്ച ജനപ്രതിനിധികള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്ന വേളയിലാണ് അവര്‍ തിരികെ സഭയിലെത്തിയത്. ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഡോ. എം.കെ മുനീര്‍, ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ആക്ഷേപം ഉയര്‍ത്തിയതോടെ ഭരണപക്ഷാംഗങ്ങള്‍ ബഹളവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി വര്‍ഗീയ മതില്‍ തീര്‍ക്കുന്നതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം.

എന്നാല്‍, നവോത്ഥാന ആശയം പ്രചരിപ്പിക്കാന്‍ ലോകം കണ്ട ഏറ്റവും വലിയ പ്രതിരോധം കേരളത്തില്‍ ഉയരുമ്പോള്‍ അതിനെ വര്‍ഗീയ മതിലെന്ന് ആക്ഷേപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എ.കെ ബാലന്‍ ക്രമപ്രശ്നം ഉന്നയിച്ചു. മുനീര്‍ ഉന്നയിച്ച വിഷയത്തില്‍ പ്രഥമദൃഷ്ട്യാ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ക്രമപ്രശ്നം നില നില്‍ക്കില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ 18 മിനിട്ട് കേരളത്തിന്റെ നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചു. സ്ത്രീമുന്നേറ്റത്തിലെ മറ്റൊരു നാഴികക്കല്ലാണ് വനിതാ മതിലെന്നും ഇതൊരു അഭിമാനമതിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യനായി ജീവിക്കാനായി പൊരുതുകയേ വഴിയുള്ളൂ എന്ന കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രമേയ അവതാരകന് സ്ഥലജല വിഭ്രാന്തി സംഭവിച്ചിരിക്കുകയാണെന്നും വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റെന്നും പിണറായി ചോദിച്ചു. വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നും പഠിപ്പുമുടക്കി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1961ല്‍ പശ്ചിമ ജര്‍മ്മനിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ കെട്ടിപ്പൊക്കിയ ബര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റപ്പെട്ടെങ്കില്‍ ഈ വര്‍ഗീയ മതില്‍ കേരളത്തിലെ ജനങ്ങള്‍ പൊളിക്കുമെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഇതോടെ വര്‍ഗീയ മതിലെന്ന പരാമര്‍ശം മുനീര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ നിര രംഗത്തുവന്നു. എന്നാല്‍ താന്‍ പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഒരക്ഷരം പോലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുനീര്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം കനത്തു. ഇതോടെ ഭരണപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും നടുത്തളത്തിന് സമീപത്തെത്തി മുദ്രാവാക്യം മുഴക്കി. സി.പി സുഗതനും വെള്ളാപ്പള്ളി നടേശനും തീര്‍ക്കുന്ന മതില്‍ വര്‍ഗീയ മതില്‍ തന്നെയാണെന്ന് മുനീര്‍ ആവര്‍ത്തിച്ചു. ഭരണപക്ഷ ബഹളം ഉയര്‍ന്നതോടെ മുനീറിന്റെ പരാമര്‍ശത്തില്‍ വസ്തുതാപരമായ പിശകുണ്ടെങ്കില്‍ സഭാ രേഖകളില്‍ നിന്ന് നീക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ഭരണപക്ഷം അടങ്ങിയില്ല. ബഹളം മൂര്‍ധന്യത്തിലെത്തിയതോടെ 10.38-ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പിന്നീട് 11.16-നാണ് വീണ്ടും സഭ ചേര്‍ന്നത്. സഭയില്‍ അസാധാരണ സാഹചര്യമാണ് ഉണ്ടായതെന്നും അതിനാലാണ് സഭ നിര്‍ത്തിവെയ്ക്കേണ്ടി വന്നതെന്നും ആമുഖമായി പറഞ്ഞാണ് സ്പീക്കര്‍ വീണ്ടും നടപടികള്‍ ആരംഭിച്ചത്. പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സഭയിലെ വനിതാ അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടപടികള്‍ സുഗമമായി മുന്നോട്ടുപോകുന്നതിന് മുനീര്‍ പരാമര്‍ശം സ്വയം പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്പീക്കര്‍ക്ക് വേണമെങ്കില്‍ പരാമര്‍ശം നീക്കാമെന്നും താന്‍ പിന്‍വലിക്കില്ലെന്നും മുനീര്‍ വാദിച്ചു. ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച മുനീര്‍, നിങ്ങളുടെ ചോരയല്ല എന്റേതെന്നും വെല്ലുവിളിച്ചു. ഭീഷണിക്ക് മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കും. ഭയപ്പെടുത്തിയാല്‍ മാളത്തില്‍ പോയി ഒളിക്കുന്ന പാരമ്പര്യമല്ല തന്റേതെന്നും വ്യക്തമാക്കി. ഇതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോര്‍വിളി തുടങ്ങി. ഇതിനിടെ, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പുറത്തേക്ക് പോകുമ്പോഴാണ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here