പതിമൂന്ന് ദിവസത്തെ സഭ സമ്മേളിച്ചത് വെറും രണ്ടുനാള്‍; ഖജനാവിന് രണ്ടുകോടി നഷ്ടം

0
10

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം സുഗമമായി നടന്നത് കേവലം രണ്ടുദിവസം മാത്രം. ഇതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം രണ്ടുകോടി രൂപയോളമാണ് നഷ്ടം. 13 ദിവസത്തെ ഷെഡ്യൂള്‍ പ്രകാരമാണ് സഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ഇതില്‍ ആദ്യദിവസം ചരമോപചാരം അര്‍പ്പിച്ച് പിരിഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കെടുത്ത ദിവസമാണ് ഈ സമ്മേളന കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം സഭ ചേര്‍ന്നത്. ബാക്കിയുള്ള ദിവസങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുകയോ പ്രതിപക്ഷ ബഹിഷ്‌ക്കരണമോ ഉണ്ടായി.

നവംബര്‍ മാസം 27നാണ് സഭ തുടങ്ങിയത്. അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് മൂന്നുദിവസം തുടര്‍ച്ചയായി 21-ാം മിനിറ്റില്‍ അവസാനിപ്പിക്കേണ്ടി വന്നുവെന്ന പ്രത്യേകതയുമുണ്ട്. നിയമസഭ ഒരു ദിവസം സമ്മേളിക്കുന്നതിന് 15 ലക്ഷം മുതല്‍ 21 ലക്ഷംവരെ ചെലവു വരുമെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ കണക്ക്. വൈദ്യുതി നിരക്കും സുരക്ഷാ മുന്നൊരുക്കങ്ങളുമെല്ലാം ഇതില്‍പെടും. ഇതനുസരിച്ച് ഈ സഭാസമ്മേളനത്തില്‍ ശരാശരി 1.95 കോടിരൂപ ജനങ്ങളുടെ നികുതി പ്പണത്തില്‍നിന്ന് പാഴായി.

ഔദ്യോഗിക കണക്കുകളനുസരിച്ച് കൂടുതല്‍ കാലം സഭ സമ്മേളിക്കുന്നതിന്റെ റെക്കോര്‍ഡ് കേരള നിയമസഭയ്ക്കാണ്. 59 ദിവസമാണ് ഈ വര്‍ഷം സഭ സമ്മേളിച്ചത്. സഭ നേരത്തെ പിരിഞ്ഞാലും സഭാ റജിസ്റ്ററില്‍ ഒപ്പിട്ടാല്‍ എംഎല്‍എമാര്‍ക്ക് ആനുകൂല്യം ലഭിക്കും. സഭ സമ്മേളിക്കുമ്പോള്‍ 1,000 രൂപയാണ് അലവന്‍സ്. ഇതിനു പുറമേ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 10 രൂപ നിരക്കില്‍ വാഹന അലവന്‍സുണ്ട്. സഭയില്‍ പങ്കെടുക്കുന്നതിന് 140 എംഎല്‍എമാര്‍ക്ക് ഒരു ദിവസം നല്‍കുന്ന അലവന്‍സ് 1,40,000 രൂപയാണ്.

ഈ സമ്മേളനകാലത്തെ മൊത്തം അലവന്‍സ് 18,20,000 രൂപ. എംഎല്‍എമാര്‍ക്ക് ശമ്പളമായി മാസം ലഭിക്കുന്നത് 70,000 രൂപ. അലവന്‍സുകളുടെ രൂപത്തിലാണ് ഈ തുക ലഭിക്കുന്നത്. മിനിമം യാത്രാബത്ത 20,000 രൂപ (മണ്ഡലങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസം വരും). ഫിക്സ്ഡ് അലവന്‍സ് 2,000 രൂപ. മണ്ഡല അലവന്‍സ് 25,000 രൂപ. ടെലിഫോണ്‍ അലവന്‍സ് 11,000 രൂപ. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ. മറ്റ് അലവന്‍സുകള്‍ 8,000 രൂപ. ഇതിനുപുറമേ ചികില്‍സാ ആനുകൂല്യങ്ങളും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here