അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തിരിച്ചയച്ചു; പൊലീസ് മോശമായി പെരുമാറിയെന്ന് സംഘാംഗം

0
3

കോട്ടയം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തിരിച്ചയച്ചു. പൊലീസ് നടപടിയെ തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്താനാകാതെ നാലംഗസംഘം മടങ്ങി. പൊലീസ് സംരക്ഷണയിലാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍ വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം,പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. വേഷം മാറി പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചു. വേഷം മാറാന്‍ തയ്യാറായപ്പോള്‍ പോകാന്‍ അനുവാദം നല്‍കിയില്ല. സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് പൊലീസ് പറഞ്ഞതായും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു.

എറണാകുളത്തുനിന്നും രാത്രി 12.30ന് കെട്ടുനിറച്ച് പുറപ്പെടുമ്പോള്‍ മുതല്‍ തങ്ങളെ പൊലീസ് വിളിച്ചുകൊണ്ടാണിരുന്നത്. എരുമേലിയില്‍ എത്തിയതിനുശേഷം സ്റ്റേഷനിലേക്കുവിളിച്ചുവരുത്തുകയായിരുന്നു. തങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബഹുമാനവും പൊലീസ് തന്നില്ലെന്നും വനിതാ പൊലീസ് അടക്കം തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here