ഒഴിയാതെ മേയര്‍; നിലപാട് എടുക്കാതെ എ ഗ്രൂപ്പ്; മാറ്റണം എന്നാവശ്യപ്പെട്ട് നഗരത്തില്‍ പോസ്റ്റര്‍

0
16

കൊച്ചി: കൊച്ചി നഗരസഭയുടെ മേയര്‍ സ്ഥാനം വീതം വെയ്ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കെ മേയറെ മാറ്റണം എന്നാവശ്യപ്പെട്ട് നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കരാര്‍ നടപ്പിലാക്കുക, കളമശേരിയില്‍ കരാര്‍ നടപ്പാക്കിക്കിയത് പോലെ കൊച്ചിയിലും നടപ്പാക്കുക, തൃക്കാക്കര ആവര്‍ത്തിക്കാതിരിക്കുക, നേതാക്കള്‍ നീതി പാലിക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. ആദ്യ രണ്ടര വര്ഷം സൗമിനി ജെയിനും തുടര്‍ന്ന് ഷൈനി മാത്യുവും മേയറാകണം എന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം എ ഗ്രൂപ്പില്‍ ഉണ്ടായ ഫോര്‍മുല.

പാര്‍ട്ടി ഇതംഗീകരിക്കുകയും ചെയ്തു. എന്നാല്‍ മേയര്‍ സ്ഥാനം വീതം വെയ്ക്കുന്നതിന് കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തെ കെ പി സി സി പ്രസിഡണ്ട് ആയിരുന്ന വി. എം സുധീരന്‍ എതിര്‍ത്തതോടെ നേതാക്കള്‍ക്കിടയില്‍ ധാരണ ഉണ്ടാക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം സ്ഥിരം സമിതി അധ്യക്ഷന്മാര്‍ എല്ലാവരും മാറണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കാന്‍ കഴിയാതെ നേതാക്കളെ ഊരാക്കുടുക്കില്‍ ആക്കിയിരിക്കുന്നത്.നിലവിലെ മേയര്‍ സൗമിനി ജെയിന്‍ സ്ഥാനം ഒഴിയാന്‍ ആദ്യം സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മകളുടെ വിവാഹം കഴിയും വരെ സമയം നീട്ടി ചോദിക്കുകയായിരുന്നു. നേതാക്കള്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മകളുടെ വിവാഹ ശേഷവും രാജി വെയ്ക്കാന്‍ മേയര്‍ തയാറാവാതെ വന്നതോടെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉയരുകയായിരുന്നു. മേയര്‍ സ്ഥാനമാറ്റം അനിശ്ചിതത്വത്തില്‍ ആയതോടെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നോട്ടമിട്ടിരുന്ന കൗണ്‍സിലര്‍മാരും ആശങ്കയിലാണ്. നിലവിലെ ഡെപ്യുട്ടി മേയര്‍ ടി. ജെ വിനോദ് ഡി സി സി അധ്യക്ഷന്‍ ആയതോടെ ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് കണ്ണ് വച്ച് ഒരു ഡസനോളം കൗണ്‍സിലര്‍മാര്‍ ഉണ്ട്. മേയര്‍ സ്ഥാനമാറ്റത്തെ ആശ്രയിച്ചാണ് ഈ മാറ്റങ്ങളെല്ലാം എന്നതിനാല്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ചേരിതിരിവും ശക്തമാണ്. സൗമിനി ജെയിനിനെ മാറ്റുന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളിലെ ഭിന്നതയാണ് പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമാക്കിയതെന്നു ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. പ്രശ്‌നം കൊച്ചിയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. പോസ്റ്റര്‍ പ്രചാരണം കൂടി ആയതോടെ ഇനിയും തീരുമാനം എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്കയും ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്. നിയമസഭാ സീറ്റ് സംബന്ധിച്ച ഉറപ്പ് ലഭിക്കുന്നതിനാണ് നിലവിലെ മേയര്‍ രാജി വൈകിപ്പിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു. ധാരണ പാലിക്കുന്നതിനായി കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് രാജി വച്ചിരുന്നു. അതെ മാനദണ്ഡം നഗരസഭയിലും നടപ്പാക്കണം എന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here