ജനങ്ങള്‍വിവേകം ഉള്ളവരാണ്

0
7

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു ഏറെ ക്‌ളേശിക്കേണ്ടിവന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതില്‍ പുതുമയൊന്നുമില്ലെന്ന് പറയാമെങ്കിലും പാര്‍ട്ടിക്ക് വോട്ടുചെയ്ത സാധാരണക്കാര്‍ക്ക് അതു കല്ലുകടി തന്നെയാണ്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും യുവനേതൃത്വത്തിനു ലഭിച്ച അംഗീകാരമായിട്ടാണ് ആ നിലയ്ക്ക് സ്വാഭാവികമായും മദ്ധ്യപ്രദേശില്‍ ജ്യോതിരാദിത്യസിന്ധ്യയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിമാരായി വരുമെന്ന് കരുതിയവര്‍ ഏറെയാണ്. എന്നാല്‍, വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായതോടെ രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മദ്ധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും പി.സി.സി. അദ്ധ്യക്ഷനുമായ കമല്‍നാഥിനും നറുക്കുവീഴുകയായിരുന്നു. മുഖ്യമന്ത്രിമാര്‍ ആരാകണമെന്നതിനെച്ചൊല്ലി മദ്ധ്യപ്രദേശിലും രാജസ്ഥാനിലും തെരുവുയുദ്ധം വരെ നടന്നു. യുവനേതാക്കളുടെ അനുയായികളെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സീനിയര്‍ നേതാക്കള്‍ക്കും പാടുപെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും നേതൃത്വ പ്രശ്‌നത്തില്‍ തീരുമാനമായതോടെ പൊട്ടലും ചീറ്റലും തത്കാലം അടങ്ങിയതായി കരുതാം. എന്നാല്‍, പാര്‍ട്ടിയുടെ ജാതകം വച്ചുനോക്കുമ്പോള്‍ ഏത് സമയത്തും നേതൃത്വത്തിനെതിരെ കലാപസാദ്ധ്യത തള്ളിക്കളയാനാവില്ല. മദ്ധ്യപ്രദേശില്‍ കമല്‍നാഥ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകുമ്പോള്‍ യുവനേതാവായ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. മദ്ധ്യപ്രദേശില്‍ അനുനയത്തിന്റെ ഭാഗമായി യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് ഉപമുഖ്യമന്ത്രി പദവി.

ഇരുസംസ്ഥാനങ്ങളിലും പുതിയ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അധികാരത്തില്‍ വരുന്നതോടെ പാര്‍ട്ടിയുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതാണ് ഇതില്‍ മുഖ്യം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ ഉള്‍പ്പെടെ ഖജനാവിന് വലിയ ബാദ്ധ്യതയാകുന്ന പലതും ഇതില്‍പ്പെടുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിക്കസേരകളുടെ ഉറപ്പെന്ന് പാര്‍ട്ടി നേതൃത്വം ഗെലോട്ടിനും കമല്‍നാഥിനും സന്ദേശം നല്‍കിയിട്ടുള്ളതിനാല്‍ ഏറെ കരുതലോടെ വേണം അവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍. പൊതു തിരഞ്ഞെടുപ്പ് വളരെ അടുത്തെത്തിയതിനാല്‍ ഓരോ ചുവടും വയ്ക്കുന്നത് സൂക്ഷിച്ചുവേണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ മുഖ്യമന്ത്രി പദവിയില്‍ ഉറച്ചിരിക്കാമെന്ന വിചാ രം വേണ്ടെന്ന് ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ സൂചന നല്‍കിയിട്ടുണ്ടത്രെ.

മദ്ധ്യപ്രദേശില്‍ പതിനഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനു വിരാമമിട്ടുകൊണ്ടാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഏറെ ജനസമ്മതിയും ക്‌ളീന്‍ ഇമേജുള്ള നേതാവായിട്ടും ശിവരാജ് സിംഗ് ചവാന് നാലാമൂഴം നല്‍കാന്‍ ജനങ്ങള്‍ തയ്യാറായില്ല. പി.സി.സി. അദ്ധ്യക്ഷപദം ഏറ്റെടുത്ത് എട്ടുമാസം കൊണ്ട് മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തിച്ച കമല്‍നാഥിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ശോഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഒന്‍പതു തവണ ലോക്സഭാംഗമായ പരിചയവും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള അനുഭവസമ്പത്തും അദ്ദേഹത്തോടൊപ്പമുണ്ട്. രാജസ്ഥാനില്‍ ഗെലോട്ടിനുമുണ്ട് ഏറെ അനുകൂല സാഹചര്യങ്ങള്‍. രണ്ടുവട്ടം സംസ്ഥാനം ഭരിച്ചിട്ടുള്ള ആളാണദ്ദേഹം. രാജസ്ഥാന്‍ ഭരണം വീണ്ടും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലൊതുക്കിയതില്‍ ഗെലോട്ടിന്റെ പങ്കും വളരെ വലുതാണ്.
കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിച്ച മൂന്ന് സംസ്ഥാനങ്ങളിലും നേതൃ തിരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടുപോയതും തര്‍ക്കങ്ങള്‍ ഉടലെടുത്തതും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. തുടക്കത്തിലേ ഉണ്ടായ കല്ലുകടിയുടെ ക്ഷീണം ഇല്ലാതാക്കേണ്ടത് മികച്ച ഭരണം കാഴ്ചവച്ചുകൊണ്ടാകണം. പൊതുതിരഞ്ഞെടുപ്പിനു മുന്‍പുതന്നെ അത് തെളിയിക്കുകയും വേണം. തുടക്കത്തിലേ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ലോക്സഭാ ഫലത്തില്‍ അത് പ്രതിഫലിക്കാതിരിക്കില്ല. തിരഞ്ഞെടുപ്പുകാലത്ത് വാരിക്കോരി വിളമ്പിയ വാഗ്ദാനങ്ങളില്‍ പലതും നടപ്പാക്കാന്‍ വിഷമമായിരിക്കും. ജനങ്ങള്‍ക്കും അറിയാവുന്നതാണത്. നടപ്പാക്കാന്‍ കഴിയുന്നവ എത്രയും വേഗം നടപ്പാക്കാന്‍ നടപടി ഉണ്ടാകണം. ഭരണത്തില്‍ അഴിമതി ഇല്ലാതായാല്‍ അതായിരിക്കും ഏറ്റവും വലിയ നേട്ടം. വീണ്ടും അധികാരം ലഭിച്ചതിന്റെ ആക്രാന്തത്തില്‍ അവസരം കാത്തുകഴിയുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. അത്തരക്കാര്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകരുത്. നേതൃതിരഞ്ഞെടുപ്പിനിടെ ഉണ്ടായ കൂട്ടയടി ഇനി മന്ത്രിസഭാ രൂപീകരണവേളയില്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അതിന്റെ ക്ഷീണം കനത്തതായിരിക്കും. തിളക്കമേറിയ ഭരണം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ ഇപ്പോള്‍ വോട്ട് ചെയ്തവര്‍ തന്നെ സര്‍ക്കാരിനെതിരെ തിരിയാന്‍ അധികനാളുകള്‍ വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here