രാവിലെ വനിതാ മതിലിനെ പിന്തുണച്ചു; വൈകുന്നേരം പിന്തുണ പിന്‍വലിച്ചു; മഞ്ജുവാര്യരുടെ മലക്കം മറിച്ചിലിനു പിന്നിലെ ഉപദേശകനാര്

0
5

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാമതിലിനു രാവിലെ പിന്തുണയറിയിച്ച മഞ്ജു വാരിയര്‍ വൈകുന്നരമായപ്പോള്‍ പിന്‍വലിഞ്ഞതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.’വുമന്‍സ് വാള്‍’ എന്ന ഫേസ്ബുക് പേജിലെ വിഡിയോയിലൂടെയാണു ഇന്നലെ രാവിലെ താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി.

പിന്‍മാറുന്നതായി പ്രഖ്യാപിച്ചു കൊണ്ട് മഞ്ജു പറഞ്ഞതിങ്ങനെ: സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്ന് പറഞ്ഞ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നു.

‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’- എന്നായിരുന്നു മഞ്ജുവിന്റെ ആദ്യ വിഡിയോ സന്ദേശം. ഇതില്‍ നിന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മലക്കം മറിഞ്ഞത്.

ആദ്യത്തെ അനുകൂല പോസ്റ്റ് ഇടത് അനുകൂലികള്‍ വലിയ ചര്‍ച്ചായക്കി. കേരളത്തില്‍ ഏറ്റവും ആരാധകരുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ സര്‍ക്കാരിന് അനുകൂലമാണെന്ന വാദം സജീവമായി. ഇതോടെ ചില ഇടപെടലുകള്‍ ഉണ്ടായതായി സംശയിക്കുന്നു. ഇതിനെ തുടര്‍ന്നാണ് മഞ്ജു പിന്മാറിയതെന്ന് ഒരു വിഭാഗം സംശയിക്കുന്നു.

വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നു സംഘാടകസമിതി ആഹ്വാനം ചെയ്തു. ഇതിന് ആളെ ചേര്‍ക്കാനായിരുന്നു മഞ്ജുവിനെ പോലുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും പരാജയപ്പെട്ടതും. വിമന്‍സ് വാള്‍ എന്ന ഫേസ്ബുക് പേജിലെ വീഡിയോയിലൂടെയായിരുന്നു വനിതാ മതിലില്‍ പങ്കെടുക്കുമെന്നു മഞ്ജു അറിയിച്ചിരുന്നത്. പിന്നീടു സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് പുതിയ നിലപാടു വ്യക്തമാക്കിയത്.

ഒടിയന് ശേഷം മോഹന്‍ലാലിനൊപ്പം കുഞ്ഞാലി മരയ്ക്കാറില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here