ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍

0
5

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പു കേസില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം തേടിഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും സംരക്ഷണം ഒരുക്കണമെന്നുമാണു നടിയുടെ ആവശ്യം. കേസ് ഇന്ന് പരിഗണിക്കും.
അതേസമയം വെടിവയ്പ്പ് സംഭവത്തില്‍ ആരെക്കുറിച്ചും സംശയമില്ലെന്ന് നടിയും നെയ്ല്‍ ബ്യൂട്ടി സലൂണിന്റെ ഉടമയുമായ ലീന മരിയ പോള്‍ പൊലീസിനു മൊഴി നല്‍കി. 25 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്നു ഭീഷണിപ്പെടുത്തി രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ നവംബര്‍ മുതലാണ് ഭീഷണിപ്പെടുത്തിത്തുടങ്ങിയത്.

വധിക്കുമെന്ന് ഭീഷണിപ്പടുത്തിയ ഇയാളുടെ സംസാരം ഇംഗ്ലിഷിലായിരുന്നു. എല്ലാം വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ്‌കോളുകളായിരുന്നു. ലീന ഉള്‍പ്പെട്ട വഞ്ചനകേസിലെ കൂട്ടുപ്രതിയായ സുകാഷ് ചന്ദ്രശേഖറിനെപ്പറ്റി രവി പൂജാരിയുടെ ഭീഷണികളില്‍ പരാമര്‍ശമില്ലായിരുന്നുവെന്നും മൊഴിയിലുണ്ട്.അക്രമം എന്തിനാണെന്നറിയില്ല. അക്രമം നടത്തിയവരെ അറിയില്ലെന്നും ലീന വ്യക്തമാക്കി. രാത്രി 7നു തുടങ്ങിയ മൊഴിയെടുപ്പ് പത്തരയോടെയാണു പൂര്‍ത്തിയായത്. ലീനയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. പൊലീസ് ലീനയുടെ വിദേശകോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.കമ്മിഷണര്‍ എം.പി.ദിനേശിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ യോഗത്തിനു ശേഷമായിരുന്നു മൊഴി രേഖപ്പെടുത്തല്‍.

പൊലീസിന്റെ ആവശ്യപ്രകാരമാണു ലീന കൊച്ചിയിലെത്തിയത്. സിറ്റി സൗത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here