രവി പൂജാരിയുടെ ശബ്ദരേഖ ലഭിച്ചു; ഉറപ്പിക്കാന്‍ വഴികളില്ലാതെ പൊലീസ്; മുംബൈ പൊലീസിന്റെ സഹായം തേടും

0
5

കൊച്ചി: ബ്യൂട്ടി സലൂണ്‍ വെടിവയ്പ്പിന് മുന്‍പ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ശബ്ദരേഖ പൊലീസ് ശേഖരിച്ചത്. രവി പൂജാരിയുടെ ശബ്ദവുമായി ഒത്തുനോക്കാനുള്ള ശ്രമം തുടങ്ങി. രവി പൂജാരിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസിന്റെ സഹായം തേടും.

അതേസമയം രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സ്വകാര്യ മലയാളം ചാനലിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. തന്റെ ലക്ഷ്യം നടിയല്ലെന്നും അയാളെ വകവരുത്തുമെന്നുമാണ് ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്. ലീന തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, എന്നാല്‍ പ്രധാന തട്ടിപ്പുകാരനിലേക്കെത്താനാണ് അവരെ വിളിച്ചത്. വെടിവെപ്പ് നടത്തിയത് തന്റെ ആളുകളാണ് എന്നുമാണ് ചാനലിന് ലഭിച്ച ഫോണ്‍സന്ദേശത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ് ഫോണ്‍ കോളുകളാണ് ഇവ എന്നത് പോലീസിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേരത്തേ രവി പൂജാരി തന്നെ നിരന്തരം വിളിച്ചിരുന്നതായി ലീന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് പറയുന്നത്. അടുത്തകാലത്ത് രവി പൂജാരിയുമായി ബന്ധപ്പെട്ട് മുംബൈയില്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. എന്നാല്‍, വെടിവെപ്പ് പ്രൊഫഷണല്‍ സംഘങ്ങളുടെ രീതിയിലല്ല നടന്നതെന്ന് പൊലീസ് ആവര്‍ത്തിക്കുന്നുണ്ട്. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് ബ്യൂട്ടി പാര്‍ലറിനു സമീപമിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയിക്കുന്നുണ്ട്.
രവി 25 കോടി ആവശ്യപ്പെട്ടെന്നാണ് ലീന പറയുന്നത്. കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നടിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. തന്റെ ഭര്‍ത്താവ് ശേഖര്‍ ഡല്‍ഹിയിലെ ഒരു കേസില്‍പ്പെട്ട് തിഹാര്‍ ജയിലിലാണെന്ന് ലീന സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. നവംബര്‍ മൂന്നിന് തനിക്ക് നിരന്തരം ഭീഷണി സന്ദേശം വന്നുവെന്നാണ് പരാതിയിലുള്ളത്. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തില്‍ ആയിരുന്നു സംസാരം. ലീനയാണോ എന്ന് സ്ഥിരീകരിച്ച ശേഷം കോളുകള്‍ ആദ്യം കട്ട് ചെയ്തു. പിന്നീട് ഭീഷണി സന്ദേശങ്ങളും വിളികളുമുണ്ടായി.
നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ്‍ നമ്പര്‍ മാറ്റി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താന്‍ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്.
എന്നാല്‍ ശബ്ദം രവി പൂജാരിയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല. കേരളത്തില്‍ പൂജാരിയ്ക്കു കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയില്‍ അറസ്റ്റില്‍ ആയിട്ടുള്ളത് വളരെക്കാലം മുന്‍പാണ്. അന്ന് കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വീസില്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here