സുനാമി ദുരന്തം വിതച്ചിട്ട് 14 വര്‍ഷം; ഓര്‍മകളുടെ കടലിരമ്പത്തില്‍ ആലപ്പാട് തീരം

0
140

ചൂളൂര്‍ ഷാനി

സ്മൃതി മണ്ഡപം

കരുനാഗപ്പള്ളി: വീണ്ടും ഒരു ഡിസംബര്‍ 26 കഴിയുമ്പോള്‍ 14 വര്‍ഷത്തെ ഓര്‍മകള്‍ പിന്നോട്ടെടുക്കുകയാണ് ഓരോ ആലപ്പാട്ടുകാരനും കിസ്മസ് ആഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണരും മുമ്പേ തിരമാലയുടെ രൂപത്തില്‍ ദുരന്തം പാഞ്ഞടുത്തപ്പോള്‍ ജീവിതകാലമത്രയും കരുതി വെച്ചതൊക്കെയും 149 ജീവനുകളും കലിതുള്ളിയ കടല്‍ വിഴുങ്ങി ദുരന്തതീവ്രതയില്‍ വിറങ്ങലിച്ചു നിന്ന ആലപ്പാടിലേക്ക് നാടിന്റെ കരുണ ഒഴുകിയെത്തി.കരുനാഗപ്പള്ളി റസ്റ്റ് ഹൗസ് പല തവണ താല്‍കാലിക മന്ത്രിസഭാ യോഗവേദിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രധാനമന്ത്രിയുള്‍പ്പടെയുള്ള കേന്ദ്ര സംഘം സന്ദര്‍ശിക്കുകയും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 14 41 കോടി രൂപ അനുവദിച്ചു. ആലപ്പാടിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 144 കോടി രൂപയുടെ ആലപ്പാട് പാക്കേജ് അനുവദിക്കുകയും ചെയ്തു. തകര്‍ന്ന വീടുകളുടേയും ആശുപത്രി കെട്ടിടങ്ങളുടേയും സ്‌കൂളുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു. അടിസ്ഥാന സൗകര്യ മേഖലകള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ തുക ലഭ്യമായിട്ടും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം സമ്പൂര്‍ണ്ണമായി പരാജയപ്പെടുകയാണുണ്ടായത്.2 കോടി ചിലവഴിച്ച് ജംഗാര്‍ റ്റി.എസ് കനാലിന് സംരക്ഷണ ഭിത്തിയും, ആലപ്പാട് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ച് 3 പാലങ്ങള്‍ എന്നിവ നിര്‍മ്മിച്ച തൊഴിച്ചാല്‍ ആലപ്പാടിലെ ഏക റോഡായ അഴീക്കല്‍ വെള്ളനാതുരുത്ത് റോഡ് പുനര്‍ നിര്‍മ്മിക്കുവാനോ തീര സംരക്ഷണത്തിനായി കടല്‍ഭിത്തിയോ പുലിമുട്ടോ നിര്‍മ്മിക്കുവാനുള്ള പദ്ധതിയുണ്ടായില്ല അതിനായി കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.പുനഃരധിവാസത്തിന്റെ ഭാഗമായി തീരദേശത്ത് നിന്നും കുടിയിറക്കപ്പെട്ട് സുനാമി കോളനികളില്‍ എത്തപ്പെട്ടവര്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ ബഹുഭൂരിപക്ഷം വീടുകളും ചോര്‍ന്നൊലിക്കുകയാണ്.വീടുകള്‍ക്ക് അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും നാളിതുവരെ ഒന്നുമായില്ല.പതിനാലു വര്‍ഷത്തിനിപ്പുറം പ്രിയപ്പെട്ടവരുടെ വേര്‍പാട് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മുക്തമല്ല ആലപ്പാട് തീരം.

LEAVE A REPLY

Please enter your comment!
Please enter your name here