വ്യാപക സംഘര്‍ഷം; അക്രമം; പാലക്കാട്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചു; കോഴിക്കോട്ട് മിഠായി തെരുവില്‍ കടകള്‍ തകര്‍ത്തു

0
3

കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട്ട് വന്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്തായിരുന്നു ആദ്യം സംഘര്‍ഷം ഉടലെടുത്തത്. കര്‍മ്മസമിതിയുടെ മാര്‍ച്ച് കടന്നു പോവേണ്ടിയിരുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ തടിച്ച് കൂടിയിരുന്നു. സംഘര്‍ഷത്തിന് സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സംഘം ഇവിടെ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധ മാര്‍ച്ച് എത്തിയ ഉടനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. മൂന്നൂറോളം പേരാണ് കര്‍മ്മസമിതി പ്രവര്‍ത്തരുടെ മാര്‍ച്ചില്‍ ഉണ്ടായത്. ഇതിന് ശേഷം സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്ത് വീണ്ടും പ്രതിഷേധക്കാര്‍ തടിച്ച് കൂടി.

കോളേജിലേക്ക് അതിക്രമിച്ചു കടന്ന ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിടുന്ന സ്ഥിതി വരെയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

കോളേജിലെ എസ്എഫ്‌ഐ യുടെ കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കോളേജിന്റെ കവാടത്തിന് മുകളില്‍ കാവിക്കൊടി സ്ഥാപിച്ചു. വന്‍ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇവിടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തി വീശി അക്രമികളെ വിരട്ടിയോഗിക്കുകയും ചെയ്തു.

കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികളും, മിഠായി തെരുവില്‍ കടകള്‍ തുറന്ന വ്യാപാരികളും, കടകള്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കു നേര്‍ നിലയുറപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും, കടകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അക്രമികളെ പോലീസ് ലാത്തി വീശി ഓടിച്ചു. യുവമോര്‍ച്ച, ബിജെപി, കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് മിഠായി തെരുവില്‍ വ്യാപാരികള്‍ കട തുറന്നതിന് പിന്നാലെ സംഘടിച്ച് എത്തിയത്.

പാലക്കാട് വെണ്ണക്കരയില്‍ ഇന്നലെ അര്‍ധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതര്‍ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹില്‍ കോയ റോഡിലും ഹര്‍ത്താലാനുകൂലികള്‍ റോഡില്‍ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്കഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു.

പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. അതേസമയം നിലക്കലില്‍ നിന്ന് ചെങ്ങന്നൂര്‍,കോട്ടയം,-കുമളി ,തിരുവനന്തപുരം ബസ്സുകള്‍ കോണ്‍വോയി ആയി സര്‍വ്വീസ് പുറപ്പെട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസ്‌റുദ്ദീന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി . കടകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തെ ബി ജെ പി എതിര്‍ത്ത സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ വേണ്ട പിന്തുണയോ പോലീസ് സഹായമോ വ്യാപാരികള്‍ക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീന്‍ പറഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹര്‍ത്താല്‍ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും ടി.നസ്‌റുദ്ദീന്‍ പറഞ്ഞു.

കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ 49 സംഘടനകള്‍ ഇന്നലെ കൂടിയാലോചിച്ച് തീരുമാനം എടുത്തിരുന്നെങ്കിലും കടകള്‍ തുറന്നിട്ടില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസി ബസുകളോ സര്‍വീസ് തുടങ്ങിയിട്ടില്ല. ആലുവയിലും അങ്കമാലിയിലും നെടുമ്പാശ്ശേരി എന്നിവിങ്ങളില്‍ ബിജെപി പ്രതിഷേധം നടത്തിയിരുന്നു. തെരുവുകളിലും നിരത്തുകളിലും ആള്‍ക്കാര്‍ കുറവാണ്. ഹോട്ടലുകളും കടകളും തുറക്കുമെന്നാണ് വ്യാപാരികള്‍ ഇന്നലെ പറഞ്ഞിരുന്നെങ്കിലും ആരും ഇതുവരെ തുറന്നിട്ടില്ല. ഇന്നലെ ബിജെപിയിലെ 16 പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ ഇട്ടിട്ടുണ്ട്.

ശബരിമലയിലെ നിലയ്ക്കലില്‍ തീര്‍ത്ഥാടകരുടെ വരവിനെ ബസ് സര്‍വീസിന്റെ കുറവ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് ഉറപ്പാക്കപ്പെട്ടിട്ടില്ല. മകരവിളക്ക് സീസണില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ അന്യസംസ്ഥാന ഭക്തര്‍ ബസിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സന്നിധാനത്ത് ഭക്തരുടെ തിരക്കിനെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ഫ്ളൈ ഓവറുകളില്‍ വലിയ തിരക്കുണ്ട്. മറ്റു സാഹചരങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ ആള്‍ക്കാരുടെ വരവ് വരും മണിക്കൂറില്‍ വലിയ തോതില്‍ കുറഞ്ഞേക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here