പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

0
2

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസറടക്കം 10 പേര്‍ ചികിത്സയിലാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ശബരിമല കര്‍മ്മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു മുകളില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

കല്ലേറില്‍ പരിക്കേറ്റ 10 പേരില്‍ സിവില്‍ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്. പന്തളം മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡു ചുറ്റി പന്തളം കവലയിലേക്കു വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടകളും കല്ലുകളും വലിച്ചെറിഞ്ഞെത്. സി പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് ശബരിമല കര്‍മ്മ സമിതി ആരോപിച്ചു.

കല്ലേറില്‍ ഒരു കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകളും തകര്‍ന്നു. ബേക്കറി തൊഴിലാളിയാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍. ഭാര്യ വിജയമ്മ. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കള്‍ എത്തിയ ശേഷമായിരിക്കും അന്ത്യോപചാര ചടങ്ങുകള്‍ നടക്കുക. ബി ജെ.പി- സി പി എം സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here