ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; അക്രമസംഭവങ്ങള്‍ നേരിടുന്നതില്‍ പൊലീസിനു വീഴ്ച; ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

0
6

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്തവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികളോടാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് അക്രമസംഭവങ്ങള്‍ കൈവിട്ട് പോകാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഡിജിപി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറാവുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും വ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ അടക്കം വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതെല്ലാം പോലീസിന്റെ വീഴ്ചയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി ജില്ലാ പോലീസ് മേധാവികളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് വിന്യാസം കാര്യക്ഷമമായില്ല എന്ന് ആക്ഷേപമുണ്ട്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നതും വീഴ്ചയായി. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഡിജിപി അറിയിച്ചിട്ടുള്ളത്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുനൂറിലധികം കേസുകള്‍ ഇതിനകം എടുത്തിട്ടുണ്ട്. 750 ഓളം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകും. ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here