പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍; കൊച്ചിയിലും തൃശൂരിലും പരിപാടികള്‍

0
34

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നരേന്ദ്രമോഡി വിമാനമിറങ്ങും. കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ അദേഹം പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോഡി കേരളത്തിലെത്തുന്നത്.

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം 3 ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും. 4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും.

വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിക്കും. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം.

പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here