താരമായി ചൈത്ര തെരേസ ജോണ്‍; സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

0
10

തൃശ്ശൂര്‍: പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെ തിരഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയതോടെ കസേര നിമിഷങ്ങള്‍ക്കുള്ളില്‍ തെറി ഡിസിപി ചൈത്ര തെരേസ ജോണിന് താര പരിവേഷം.

1983 ഐആര്‍എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയായ ചൈത്ര ഐപിഎസ്. മലബാര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് നിരവധി തവണ പിടികൂടി കസ്റ്റംസിലും ഡിആര്‍ഐയിലും പ്രവര്‍ത്തിച്ച അച്ഛന്റെ ധീരത ഡ്യൂട്ടിയില്‍ മകളും പിന്തുടര്‍ന്നു. നിലവില്‍ ഇദേഹം ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി,ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

2016 ഐപിഎസ് ബാച്ചുകാരിയായ ചൈത്ര സിവില്‍ സര്‍വീസില്‍ 111-ാം റാങ്കുകാരിയായിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ ഐപിഎസ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു. വയനാട്ടിലെ ട്രയിനിങ്ങിനു ശേഷം തലശ്ശേരി എഎസ്പിയായി. അമ്മ ഡോ. മേരി ഏബ്രാഹം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. സഹോദരന്‍: ഡോ. അലന്‍ ജോണ്‍.

അതേസമയം, റെയ്ഡിന് പിന്നാലെ ഡിസിപി ചൈത്ര തേരസാ ജോണിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ വ്യാപക പ്രതിഷേധം. സ്ത്രീ സുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തെളിഞ്ഞെന്ന് പ്രതിപക്ഷേേനതാവ് വിമര്‍ശിച്ചു. അതേ സമയം ചൈത്രയുടെ നടപടി മാധ്യമ ശ്രദ്ധ നേടാനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.

കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ചൈത്ര തേരസ ജോണിന്റെ പല നടപടികളിലും തലസ്ഥാനത്തെ സിപിഎം നേതാക്കള്‍ക്ക് നേരത്തെ അതൃപ്തിയുണ്ട്. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ പിടികൂടിയത് മുതല്‍ തുടങ്ങിയതാണ് എതിര്‍പ്പ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയതോടെ ജില്ലാ സെക്രട്ടറി തന്നെ പരാതിയുമായി മുഖ്യന്ത്രിയെയും ഡിജിപിയെയും സമീപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ചൈത്രയോട് വിശദീകരണം തേടിയതും അന്വേഷണത്തിന് ഡിജിപി കമ്മീഷണറെ ചുമതലപ്പെടുത്തിയതുമാണ് വിവാദത്തിലായത്. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര ഡിസിപിയുടെ അധിക ചുമതലയിലായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഡിസിപി കസേര തെറിപ്പിച്ച് നേരത്തെ വഹിച്ചിരുന്ന വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് മാറ്റി. അവധിയിലായിരുന്ന ഡിസിപി ആര്‍. ആദിത്യ നാഥിനെ അവധി റദ്ദാക്കി വിളിച്ചു വരുത്തിയാണ് ചുമതല ഏല്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചിരുപ്പുണ്ടെന്ന സിറ്റി സ്പെഷല്‍ ബ്രാഞ്ചിന്റെ വിവരത്തെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തിയത്. അര്‍ധരാത്രി അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തെ നേതാക്കളും അണികളും തടഞ്ഞുവെങ്കിലും ഇവരെ മറികടന്ന് സംഘം തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചില്‍ വിവരം നേരത്തെ തന്നെ ചോര്‍ന്നതിനെ തുടര്‍ന്ന് അക്രമികളെ പിടിക്കാനാകാതെ സംഘത്തിന് തിരികെ പോരേണ്ടി വന്നപ്പോള്‍ പാര്‍ട്ടി ഓഫീസിനിത് വലിയ തിരിച്ചടിയാകുകയായിരുന്നു.

ചൈത്രയുടെ ചുമതലമാറ്റമടക്കം വലിയ ചര്‍ച്ചയായി. .ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥക്കെതിരെ സാമാന്യമര്യാദപോലും കാണിക്കാതെ സര്‍ക്കാര്‍ നടപടി എടുത്തുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും എന്ത് സംരക്ഷണവും സര്‍ക്കാറില്‍ നിന്നും കിട്ടുമെന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

എന്നാല്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഡിസിപി ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ആരോപണം. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടു തലേദിവസം നടന്ന റെയ്ഡില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, ചൈത്രയെ പിന്തുണച്ചും സര്‍ക്കാറിനെ കണക്കിന് വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. വിവാദങ്ങളോടൊന്നും ചൈത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടികളില്‍ ഐപിഎസ് അസോസിയേഷനും അതൃപ്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here