കാര്‍ മോഷ്ടിച്ച് സ്പിരിറ്റ് കടത്തിയ കേസിലെ പ്രതി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍

0
5

കൊരട്ടി: പത്ത് വര്‍ഷം മുന്‍പ് കൊരട്ടിയില്‍ നിന്നും സ്‌കോര്‍പിയോ വാഹനം മോഷ്ടിച്ച് സ്പിരിറ്റ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടി ഡി വൈഎസ്പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം കൊരട്ടി എസ് ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി തോട്ടുപാലംവീട്ടില്‍ ഫറൂഖ് ഇസ്മായിലിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ (42) വയസ് ആണ് പിടിയിലായത്.
രണ്ടായിരത്തി ഒന്‍പതാമാണ്ട് ആദ്യം കൊരട്ടി മംഗലശ്ശേരി സ്വദേശിയുടെ സ്‌കോര്‍പിയോ കാര്‍ പുലര്‍ച്ചെ പോര്‍ച്ചില്‍ നിന്നും മോഷണം പോവുകയും ഇതിന് കൊരട്ടി സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ശേഷം പലക്കാട് ഒലവക്കോട് ജംഗ്ഷന് സമീപം വച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കോര്‍പിയോ കാര്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പാലക്കാട് പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ ഇരുപത്തിരണ്ട് കന്നാസുകളില്‍ സ്പിരിറ്റ് നിറച്ച നിലയില്‍ കണ്ടെത്തുകയും യഥാര്‍ത്ഥ ഉടമസ്ഥനെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൊരട്ടിയില്‍ നിന്നും മോഷണം പോയതാണ് വാഹനമെന്നും ആലത്തൂര്‍ സ്വദേശിയായ സക്കീര്‍ ഹുസൈനാണ് വാഹനം കൈവശം വച്ചിരിക്കുന്നതെന്നും കണ്ടെത്തി.
പ്രത്യേകാന്വേഷണ സംഘത്തില്‍ എ എസ് ഐ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, ഷിനോജ് എന്നിവരാണുണ്ടായിരുന്നത്.
തുടര്‍ന്ന് ചാലക്കുടിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ നിരവധി സ്‌റ്റേഷനുകളില്‍ കേസുള്ളതായി കണ്ടെത്തി. തുടര്‍ന്ന് മറ്റു നടപടികള്‍ക്കായി ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here