മംഗളൂരു വിമാനത്താവളത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ട് കീറിയതായി പരാതി

0
7

കാസര്‍ക്കോട്: മംഗളൂരു വിമാനത്താവളത്തില്‍ കൈക്കുഞ്ഞുമായി യാത്രയ്ക്കെത്തിയ യുവതിയുടെ പാസ്പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമിന്റെ ഭാര്യയ്ക്കാണ് കൈപ്പേറിയ അനുഭവം ഉണ്ടായത്. ദുബൈയിലെക്ക് പോകാനെത്തിയ യുവതിയുടെ പാസ്പോര്‍ട്ട് രണ്ടു കഷണങ്ങളായി കീറിക്കളയുകയായിരുന്നു. വീട്ടില്‍നിന്ന് പുറപ്പെട്ട് എയര്‍പോര്‍ട്ടില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതുവരെ പാസ്പോര്‍ട്ടിന് കുഴപ്പമില്ലായിരുന്നു. പാസ്പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. ട്രോളി എടുത്തുവരൂ എന്ന് പറഞ്ഞ് തന്ത്രപരമായി യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ബോര്‍ഡിംഗ് പാസ് എടുക്കാനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറിക്കളഞ്ഞ കാര്യം മനസ്സിലാക്കുന്നത്.
ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ നിന്നാണ് പാസ്പോര്‍ട്ട് കീറിയതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒരു നിലക്കും ഈ പാസ്പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതര്‍ വാശിപിടിച്ചു. ഒരു സ്ത്രീയെന്ന പരിഗണനയും രണ്ട് കൈകുഞ്ഞുങ്ങള്‍ ഉണ്ട് എന്ന പരിഗണനയും എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയില്ല. തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്ന് ഭര്‍ത്താവ് ഹാഷിം പറഞ്ഞു.
ഒടുവില്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോള്‍ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടു തന്നാല്‍ മാത്രം യാത്ര തുടരാന്‍ സമ്മതിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് യാത്ര ചെയ്തു. അതേസമയം ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ ആണ് പെരുമാറിയത്. അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോര്‍ട്ട് മാറ്റണമെന്ന് ഉപദേശിക്കുകമ്ത്രമാണ് ചെയ്തത്- ഹാഷിം പറഞ്ഞു.
മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ ഇതാദ്യമല്ലെന്നും സമാന അനുഭവം മുമ്പും പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ഹാഷിം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹാഷിം അറിയിച്ചു. മംഗളൂരു എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹാഷിം മുന്നറിയിപ്പു നല്‍കി. സ്ത്രീ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തി പാസ്പോര്‍ട്ട് പരിശോധിക്കാന്‍ നല്‍കി തിരിച്ചു തരുന്ന സമയത്ത് വിസ പേജ് ഉള്‍പ്പെടെ പാസ്പോര്‍ട്ട് നല്ല രീതിയില്‍ ആണെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here