ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്

0
5

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ നീക്കവുമായി പത്തനംതിട്ട ജില്ലാ പൊലീസ് നേതൃത്വം. കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയില്‍ പൂര്‍ണമായ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പിയുടെ റിപ്പോര്‍ട്ട്.

അതേസമയം, ശബരിമല നട വീണ്ടും തുറക്കാനിരിക്കേ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ 3,000 പൊലീസുകാരെ വിന്യസിക്കും.

തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയുള്ള മനോജ് ഏബ്രഹാമും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധു, കോട്ടയം എസ്പി ഹരിശങ്കര്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്.പി വി.അജിത് എന്നിവരും സംഘത്തിലുണ്ടാകും.

ശബരിമല നട തുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അതിരു കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനാണു പൊലീസ് തീരുമാനം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരത്തേ ഏതാനും യുവതികള്‍ ശബരിമലയിലെത്തുകയും അവര്‍ക്കെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ അതു കാര്യമായ തരത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു.

സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണു പൊലീസ് വിലയിരുത്തുന്നതെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലാണ് പൊലീസ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here