ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ്: കേരളത്തിന് കുതിപ്പ്

0
6

നഡിയാദ്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ കരുത്തില്‍ കേരളം കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനം രണ്ട് സ്വര്‍ണം കൂടി നേടിയ കേരളം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മീറ്റിന്റെ രണ്ടാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ഇതോടെ കേരളത്തിന് മൊത്തം മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി.

പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെ) പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീ) സ്വര്‍ണം നേടിയത്. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4:45.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മിന്നു പി റോയിയാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്.

പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും പെണ്‍കുട്ടികളുടെ തന്നെ 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ.ശ്രീജയുമാണ് വെങ്കലം നേടിയത്. മേഘ 13.63 മീറ്റര്‍ എറിഞ്ഞപ്പോള്‍ 14:51.97 സെക്കന്‍ഡിലായിരുന്നു ശ്രീജയുടെ വെങ്കല ഫിനിഷ്.
ഗുജറാത്തിലെ നഡിയാദ് എസ്.എ.ജി. സ്പോര്‍ട്‌സ് കോംപ്ലക്സിലാണ് മത്സരം നടക്കുന്നത്. ഇതാദ്യമായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെയായാണ് മത്സരം. ആണ്‍കുട്ടികളുടെ മീറ്റ് വെള്ളിയാഴ്ച ഇതേ വേദിയില്‍ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിനായി 36 പെണ്‍കുട്ടികള്‍ വിവിധയിനങ്ങളിലായി മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here