‘പാടത്ത് പണി വരമ്പത്തു കൂലി’

0
145

കൊലപാതക രാഷ്ട്രീയത്തിന് കേരളം വീണ്ടും സാക്ഷിയായി. അഭിമന്യുവിന്റെ കിരാതമായ വധത്തോടെ സര്‍വ്വരാലവും അപലപിക്കപ്പെട്ട അക്രമ രാഷ്ട്രീയത്തിന് കുറച്ചു കാലത്തേക്കെങ്കിലും ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കാസര്‍ഗോട്ടെ പെരിയയില്‍ രണ്ട് യുവാക്കളുടെ നിഷ്ഠൂരമായ കൊലപാതകത്തിലൂടെ സമാധാനകാംക്ഷികളുടെ എല്ലാ പ്രതീക്ഷയും അസ്ഥാനത്തായി. കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയെ ലോകം മുഴുവന്‍ അപലപിച്ചുകൊണ്ടിരിക്കെ യുവ കോണ്‍ഗ്രസുകാരായ രണ്ടു പേര്‍ ഞായറാഴ്ച രാത്രിയില്‍ കാസര്‍ഗോട്ട് വധിക്കപ്പെട്ടത് ആര്‍ക്കും നീതികരിക്കാന്‍ കഴിയാത്ത നീചകൃത്യമാണ്.
സംസ്ഥാനത്ത് ഭരണം നടത്തുന്ന മുന്നണിയുടെ നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയിലെ ആളുകളാണ് വൈരാഗ്യപൂര്‍വ്വം രണ്ട് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചില സി.പി.എം പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പ്രാദേശിക പ്രവര്‍ത്തകര്‍ തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനം അവിചാരിതമായി കൊലപാതകത്തിലേക്ക് എത്തിപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇരുചക്രവാഹനത്തില്‍ രാത്രി വീട്ടിലേക്ക് പോകുന്ന യുവാക്കളെ ജീപ്പില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി നടുറോഡില്‍ വെട്ടിക്കൊല്ലുന്നത് മനുഷ്യന്റെ സാമാന്യ ബുദ്ധിക്കും ചിന്താഗതിക്കും ഒട്ടും ഇണങ്ങുന്നില്ല. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ വാദിച്ച് ജയിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൊന്ന് പകരംവീട്ടുന്നത് പ്രാകൃതമാണ്. സംസ്‌ക്കാരചിത്തരായ മനുഷ്യര്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാസമ്പന്നരുടെ ഒരു സമൂഹത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം കൊന്നും തീവെച്ച് നശിപ്പിച്ചും മുന്നോട്ടുപോകേണ്ടതല്ല. കൊലപാതകം ഭീരുവിന്റെ ലക്ഷണമാണ്. തോല്‍വിയുടെ തുറന്ന പ്രഖ്യാപനവുമാണ്. സി.പി.എമ്മിന്റെ അണികള്‍ക്കാര്‍ക്കെങ്കിലും കാസര്‍ഗോട്ടെ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ അവകാശമില്ല.
രാത്രിയുടെ മറവില്‍ നടന്ന ഇരട്ടക്കൊലപാതകം കേരളീയരെല്ലാം ഞായറാഴ്ച രാത്രിയില്‍ തന്നെ അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ തന്നെ തിങ്കളാഴ്ച പുലരുമ്പോള്‍ സംസ്ഥാനത്ത് ഹര്‍ത്താലായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചുമില്ല എന്നിരിക്കെ രാത്രിയുടെ അന്ത്യയാമത്തില്‍ എപ്പോഴോ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഫെയ്‌സ്ബുക്കിലൂടെ കേരള ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇരട്ടക്കൊലപാതകത്തെ അപലപിക്കുമ്പോള്‍ തന്നെ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച സൂര്യനുദിച്ചപ്പോള്‍ കേരളീയര്‍ മിന്നല്‍ ഹര്‍ത്താലിന്റെ ഇരകളായി മാറി. പെരിയയിലെ കൊലപാതകം പോലെ തന്നെ പെരിയ ഒരു അനീതിയാണ് ഇത്. മിന്നല്‍ ഹര്‍ത്താല്‍ കേരളത്തില്‍ നീതിപീഠം വിലക്കിയിട്ടുള്ളതാണ്. ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അതിന് ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികള്‍ ആകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. പക്ഷേ, രായ്ക്കുരാമാനം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് അത്തരം വിലക്കുകളൊന്നും ബാധകമല്ല. കൊലപാതകത്തോട് പൊതുസമൂഹത്തിന് തോന്നേണ്ട സഹാനുഭൂതി പോലും മിന്നല്‍ ഹര്‍ത്താലുകാര്‍ ഇല്ലാതാക്കിക്കളഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് ഇന്നലെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത്. പരീക്ഷ എഴുതാന്‍ തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ വലച്ചു. ഐ.സി.എസ്.ഇ പരീക്ഷ ദേശീയാടിസ്ഥാനത്തില്‍ നടക്കുന്നതാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ ഹര്‍ത്താല്‍ മൂലം ഇന്നലെ എത്ര പേര്‍ക്ക് പരീക്ഷാഹാളില്‍ എത്താന്‍ കഴിഞ്ഞു എന്ന് വ്യക്തമല്ല. എസ്.എസ്.എല്‍.സിയുടെ മോഡല്‍ പരീക്ഷയും നടന്നുവരുന്നു. അതിനും ഇന്നലെ ആര്‍ക്കും എഴുതാന്‍ പറ്റിയില്ല. ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും ചെറുകിട, ഇടത്തരം വ്യവസായശാലകളുടേയും പ്രവര്‍ത്തനം നിശ്ചലമായി. ഇതുമൂലം ഉണ്ടായ പൊതുനഷ്ടം ആര് നികത്തും? ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും കാസര്‍ഗോട്ടെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് അവര്‍ കോടതി മുന്‍പാകെ ഹാജരാകേണ്ടത്. ഹര്‍ത്താലിന്റെ വിശദമായ വിവരങ്ങള്‍ അന്നേദിവസം ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ദ്ധരാത്രിക്കു ശേഷം ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മുമ്പ് മിന്നല്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് നിരോധിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അവരും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കൃപേഷ്, ശരത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിയോഗത്തില്‍ സംസ്ഥാനത്തിനുള്ള പൊതു ദുഃഖം രേഖപ്പെടുത്തുകയും കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുകയും വേണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെയായി ഇരുപതു രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നു. 2016-ല്‍ ഒന്‍പത് പേരും 2017-ല്‍ അഞ്ച് പേരും 2018-ല്‍ നാലുപേരും ആണ് എതിരാളികളുടെ കൊലക്കത്തിക്കിരയായത്. ഇക്കൊല്ലത്തെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പെരിയ ഗ്രാമത്തില്‍ നടന്നത്. എല്ലാ സംഭവങ്ങളിലേയും കൂടുതല്‍ പ്രതികള്‍ സി.പി.എമ്മുകാരും കൂടുതല്‍ ഇരകള്‍ ബി.ജെ.പിക്കാരുമായിരുന്നു. ഏത് കൊലപാതകത്തിന്റേയും ഒരു ഭാഗത്ത് ഭരണകക്ഷിയായ സി.പി.എം ഉണ്ടാകുന്നത് ആധുനിക സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന ശൈലിയില്‍ പ്രസംഗിച്ച് ചിന്താശൂന്യരായ അണികളില്‍ ആവേശം പകരുന്ന നേതാക്കളുണ്ടായാല്‍ ഇതുപോലൊക്കെ സംഭവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here