നഗരത്തിലെ അഗ്നിബാധ ഒരു മുന്നറിയിപ്പ്

0
15

എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനു സമീപം ബുധനാഴ്ച ഒരു ബഹുനില കെട്ടിടം പട്ടാപ്പകല്‍ അഗ്നിക്കിരയായ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ആള്‍നാശമൊന്നും സംഭവിച്ചില്ലെങ്കിലും നാലു മണിക്കൂറോളം ചെരുപ്പ് സംഭരണ ശാല കത്തിയെരിഞ്ഞത് വഴി ഉണ്ടായ ഭീകരത നഗരവാസികളെ ഒട്ടാകെ ഞെട്ടിക്കുക തന്നെ ചെയ്തു. 20 അഗ്നിശമന സേനാ യൂണിറ്റുകള്‍ നിരന്തരം പരിശ്രമിച്ചതുകൊണ്ടാണ് തിരക്കേറിയ നഗരത്തില്‍ വലിയ അത്യാഹിതങ്ങള്‍ സംഭവിക്കാതെ തീ അണയ്ക്കാനായത്.
വേനല്‍ക്കാലം തുടങ്ങിയപ്പോള്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ജലദൗര്‍ലഭ്യം ഉണ്ട്. കൊച്ചി നഗരത്തിലെ അഗ്നിബാധ കെടുത്താന്‍ വേണ്ടത്ര വെള്ളമെത്തിക്കുന്നതിന് പ്രയാസം നേരിട്ടു. അരക്കിലോമീറ്ററിനകത്ത് പുഴയും കായലും ഉണ്ട്. പക്ഷേ, സംഭരിച്ച ജലം നഗരത്തിരക്കില്‍ തീപിടിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനുള്ള പ്രയാസമായിരുന്നു ഏറെ. അപ്രതീക്ഷിതമായി നഗരത്തില്‍ ഉണ്ടായ ഈ വലിയ അഗ്നിബാധ നഗരഭരണകൂടത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം തന്നെ നഗരസഭാ കൗണ്‍സില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ച കണ്ടെത്തണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നല്ലത്.
ഒരു അത്യാഹിതം വരുമ്പോഴല്ല ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടത്. നഗരപ്രദേശങ്ങളില്‍ നിര്‍മ്മാണാനുമതി നല്കുന്നത് നിരവധി സുരക്ഷാ പരിഗണനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. അതിലേറ്റവും പ്രധാനമാണ് ഫയര്‍ സേഫ്റ്റി മാനദണ്ഡം. എല്ലാ ബഹുനിലക്കെട്ടിടങ്ങളിലും അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രത്യേക പടവുകള്‍ നിര്‍മ്മിച്ചിരിക്കണമെന്ന് ചട്ടമുണ്ട്. കഴിഞ്ഞ ദിവസം അഗ്നിക്കിരയായ കെട്ടിടമടക്കം കൊച്ചിനഗരത്തിലെ നിരവധി ബഹുനില മന്ദിരങ്ങള്‍ക്ക് ഈ ചട്ടം ബാധകമാക്കിയിട്ടില്ല. ഇതെന്തുകൊണ്ട് എന്നതിന് നഗരസഭാധികൃതര്‍ മറുപടി നല്‍കേണ്ടതാണ്. കൊച്ചി നഗരം കായലും പുഴകളും ചെറുജലാശയങ്ങളും കൊണ്ട് ചുറ്റപ്പെട്ട നിരവധി തുരുത്തുകള്‍ ചേര്‍ന്നതാണ്. ജലസാമീപ്യത്തിന്റെ പേരില്‍ തീരദേശപരിപാലന നിയന്ത്രണ നിയമം സൗകര്യം പോലെ പ്രയോഗിച്ച് വന്‍ അഴിമതി നടന്ന സംഭവങ്ങള്‍ ഈ നഗരത്തിലുണ്ട്. ചട്ടം പാലിക്കാതെ കായല്‍ത്തീരത്ത് പടുത്തുയര്‍ത്തിയ പാര്‍പ്പിടസമുച്ചയം വ്യവഹാരത്തില്‍ പെട്ടത് മറക്കാവതല്ല. ചട്ടങ്ങള്‍ മറികടന്ന് നിര്‍മ്മാണം നടത്തുകയും കോടതിവഴി പിന്നീട് ചെറിയൊരു പിഴ അടച്ച് നിയമവ്യവസ്ഥകളില്‍ നിന്ന് തലയൂരുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെ. അനധികൃത നിര്‍മ്മാണത്തിന് പൊളിച്ചുമാറ്റണം എന്ന് കര്‍ശന നിയമം വന്നാല്‍ കൊച്ചി നഗരത്തില്‍ 90% കെട്ടിടങ്ങളും ഇടിച്ചുനിരത്തേണ്ടിവരും. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്ത് മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ ഒരാവേശമായി കേരളമാകെ പടര്‍ന്നപ്പോള്‍ അന്നത്തെ എറണാകുളം ജില്ലാ കളക്ടറും അതില്‍പ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥന്മാരും സര്‍വ്വേ വകുപ്പിലെ ആളുകളും നഗരമധ്യത്തിലെ കെട്ടിടങ്ങളുടെ അതിരുകള്‍ പരിശോധിച്ച് അടയാളപ്പെടുത്താന്‍ തുടങ്ങി. പ്രധാനപ്പെട്ട പാതകളുടെ ഇരുവശവുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുറമ്പോക്കിലേക്ക് നിയമം ലംഘിച്ച് തലനീട്ടി നില്‍ക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പൊളിച്ചുനീക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ തലയ്ക്കു കൈയും വെച്ച് ഇരിപ്പായി. അപ്പോഴേക്കും മൂന്നാറിലെ മാമാങ്കത്തിന് കോടതിയുടെയും സംഘടിത രാഷ്ട്രീയനേതാക്കളുടെയും പിടിവീണു. ഭരണ പ്രതിപക്ഷ ഭേദമെന്യേ ഒഴിപ്പിക്കല്‍ നടപടി അപലപിക്കപ്പെട്ടു. എറണാകുളം നഗരത്തില്‍ ഭയപ്പെട്ടിരുന്നവര്‍ എല്ലാ ഭീഷണിയില്‍ നിന്നും കരകയറി ശ്വാസം വിട്ട് നിവര്‍ന്നു. അത്തരം ഒരു കര്‍ശന സാഹചര്യം ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങളുടെ കാര്യത്തില്‍ നഗരഭരണകൂടം എറണാകുളത്തെ കെട്ടിടങ്ങളുടെ മേല്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്? ഒരു അത്യാഹിതമുണ്ടായാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നാല് പഞ്ചസാര വര്‍ത്തമാനവും മൂന്ന് ചൂടന്‍ പ്രസ്താവനംയും ഇറക്കിയാല്‍ പണി തീര്‍ന്നു എന്ന് ആരും വിചാരിക്കരുത്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി ഉണ്ടാകും. കൊച്ചി ജീവിതയോഗ്യമായ ഒരു സുന്ദരനഗരസമാസക്കി പരിപാലിച്ചു സൂക്ഷിക്കേണ്ടത് സിവിക് ഭരണകൂടത്തിന്റെ ഒന്നാമത്തെ ചുമതലയാണ്. കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധ അത്തരത്തില്‍ ഒരു മുന്നറിയിപ്പായി മേയറും സഹപ്രവര്‍ത്തകരും സ്വീകരിക്കണം.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഒരു ഹോട്ടലില്‍ വന്‍ അഗ്നിബാധ ഉണ്ടായി. എറണാകുളത്തുകാരായ മൂന്ന് പേര്‍ അടക്കം പതിനേഴു നിര്‍ഭാഗ്യവാന്മാരുടെ ജീവന്‍ പൊലിഞ്ഞു. ഹോട്ടല്‍ കെട്ടിടത്തിന്റെ ഇടനാഴികള്‍ വുഡ് പാനല്‍ കൊണ്ട് മോടിപിടിപ്പിച്ചിരുന്നു എന്നാണ് വാര്‍ത്ത. തന്മൂലം വേഗം തീ തറയിലൂടെ ആളിപ്പടര്‍ന്നതിനാല്‍ ഹോട്ടല്‍ മുറികളില്‍ അഗ്നിബാധ സമയത്ത് കുടുങ്ങിപ്പോയവര്‍ക്ക് ഇറങ്ങിയോടി രക്ഷപ്പെടാനായില്ല. അതുകൊണ്ടാണ് ആ തീപിടുത്തത്തില്‍ അത്രയും ഗുരുതരമായ മനുഷ്യനാശം സംഭവിച്ചത്. നമ്മുടെ നാട്ടിലും ഭംഗിക്കും ചൂടിനെ പ്രതിരോധിക്കാനും എന്ന പേരില്‍ കാണുന്നിടതതെക്കെ വുഡ് പാനല്‍ ചെയ്യുന്ന പതിവുണ്ട്. അഗ്നിബാധയെ ചെറുക്കാന്‍ ഇത് ഒട്ടും പര്യാപ്തമല്ല. കെട്ടിട നിര്‍മ്മാണ വ്യവസ്ഥകള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ തദ്ദേശഭരണകൂടങ്ങള്‍ തീപിടുത്തത്തിന് ഇടയാകുന്ന സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here