പെരിയ ഇരട്ടക്കൊല: കണ്ണൂര്‍ ലോബിക്കെതിരെ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

0
15

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫിലും സിപിഎമ്മിനുള്ളിലും പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കരുതെന്ന ശക്തമായ വികാരമാണ് സിപിഎമ്മിനുള്ളില്‍ ഉയരുന്നത്. പ്രധാനമായും വിമര്‍ശകര്‍ ഉന്നമിടുന്നത് കണ്ണൂര്‍ ലോബിയെയാണ്. കണ്ണൂര്‍ നേതാക്കളാണ് പാര്‍ട്ടിക്കുള്ളില്‍ അക്രമരാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവെ ഉയരുന്ന വികാരം.

വി.എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കണ്ണൂര്‍ ലോബിയെ ഉന്നം വെച്ചുള്ളതാണ്. അക്രമരാഷ്ട്രീയത്തിന് തടയിടാന്‍ ഡോ. തോമസ് ഐസക്കും എം.എ. ബേബിയും മറ്റും മുമ്പ് ശ്രമിച്ചിരുന്നു. ഇവരോടു മനസാ യോജിക്കുന്നവര്‍ കണ്ണൂരിലുമുണ്ട്. എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഉന്മൂലനവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ചിരുന്നില്ല. പല ഘട്ടങ്ങളിലും കണ്ണൂര്‍ ലോബിയുടെ സംഘടിത ശ്രമങ്ങളെ ചെറുത്തുനിന്നിട്ടുണ്ട്. ഇങ്ങനെയുള്ളവരെ വളരാന്‍ അനുവദിക്കില്ലെന്നതാണ് അനുഭവം.

കര്‍ഷകസംഘം നേതാവായിരുന്ന സി.കെ.പി. പത്മനാഭനെ പേരിനൊരു ആരോപണമുണ്ടാക്കി മൂലയ്ക്കിരുത്തി. കണ്ണൂര്‍ ലോബിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാതിരുന്നതായിരുന്നു യഥാര്‍ഥ കാരണം. കെ.പി. സഹദേവന്‍ മുതിര്‍ന്ന നേതാവെങ്കിലും ജില്ലാ സെക്രട്ടറിപദം കിട്ടാതിരുന്നതിനു കാരണം മറ്റൊന്നല്ല. തളിപ്പറമ്പ് എം.എല്‍.എ. ജെയിംസ് മാത്യു സ്വന്തമായ അഭിപ്രായമുള്ളയാളാണ്. അദ്ദേഹവും പത്മനാഭനും മറ്റു ജില്ലകളിലെ സംഘടനാശൈലിയും മനസിലാക്കിയവരാണ്. പാര്‍ട്ടി നേതൃത്വം കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവെയുള്ള വികാരം.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പ്രാദേശിക നേതാവ് പിടിയിലാകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന ശബ്ദം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കും.

രാഷ്ട്രീയകൊലപാതകങ്ങള്‍ എല്‍.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞിരിക്കുകയാണ്. പെരിയ ഇരട്ടക്കൊലപാതകം നിര്‍ഭാഗ്യകരമാണ്. ഉത്തരവാദികള്‍ അറസ്റ്റിലാകുക തന്നെ ചെയ്യുമെന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കവേ കാനം പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകം സി.പി.ഐ. നയിക്കുന്ന വടക്കന്‍മേഖലാ ജാഥയെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഇതോടെയാണ് സിപിഐ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നതും. കാനം നയിക്കുന്ന വടക്കന്‍മേഖലാ കേരളരക്ഷായാത്രയുടെ ആദ്യദിനം ആയിരുന്നു ഇരട്ട കൊലപാതകം നടന്നത്. ഇടതുതട്ടകമായ കണ്ണൂരില്‍ പര്യടനം നടത്തേണ്ട ആദ്യദിനം കൊലപാതകത്തേത്തുടര്‍ന്നുള്ള ഹര്‍ത്താലാണ് കാനത്തിന് നേരിടേണ്ടി വന്നത്. കാനത്തിനു ഗസ്റ്റ് ഹൗസില്‍ കഴിയേണ്ടിവരികയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here